11.27.2013

ഫേസ്ബുക്ക്‌ എന്നേം കൊണ്ടേ പോവൂ എന്നാ തോന്നുന്നേ..


മിക്ക കമ്പനികളും ഇപ്പൊ ഉദ്യോഗാര്ത്ഥികളെ ജോലിക്കെടുക്കുമ്പോൾ അവരുടെ പഠനത്തിനു പുറമേ ഫേസ്ബുക്കും പരിശോധിക്കാറുണ്ട്.. പ്രത്യേകിച്ച് IT കമ്പനികൾ..

ഫേസ്ബുക്ക്‌ ഇല്ലാ എന്ന് പറഞ്ഞാൽ അയ്യേ ഇവനെ ഒന്നിനും കൊള്ളില്ല... കാലത്തിനൊത്ത് നീങ്ങാത്തവൻ ആണ് ഇവൻ എന്നും പറഞ്ഞു HR മാനേജർ പണി തരും ....



ഇനി ഉണ്ട് എന്നും പറഞ്ഞു കാണിച്ചു കൊടുത്താലോ നമ്മെ പോലെ കണ്ണിൽ കണ്ടത് മൊത്തം എഴുതികൂട്ടുന്ന വല്ല പാവവും ആണെങ്കിൽ പറയുകയും വേണ്ട... ഇവൻ 24 മണിക്കൂറും ഫേസ്ബുക്കിൽ ആണെല്ലോ എന്നും പറഞ്ഞു ഓടിച്ചു വിടും...

അതുകൊണ്ട് വരുന്നിടത്ത് വച്ച് കാണാം എന്നും പറഞ്ഞാണ് ഞാൻ കുറച്ചു കാലമായി എഴുതാറു..

പക്ഷെ ഇപ്പൊ പ്രതീക്ഷികാതെ മറ്റൊരു എട്ടിന്‍റെ പണിയാണ് എനിക്ക് കിട്ടികൊണ്ടിരിക്കുന്നത്...

"ജീവിതത്തിൽ സന്തോഷം മാത്രം മതിയോ" എന്ന കുടുംബക്കാരുടെയും കൂട്ടുകാരുടെയും നിരന്തരമുള്ള ചോദ്യം കേട്ട് മടുത്തത് കൊണ്ട് ഇനിയുള്ള ജീവിതകാലം മൊത്തം എന്നോട് അടികൂടി കുറച്ച് സങ്കടം കൂടെ തരാൻ പറ്റിയ ഒരുത്തിയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ആണ് ഞാനിപ്പോൾ...

ആരോ പറഞ്ഞു കേട്ട് രണ്ടു ദിവസം മുമ്പ് ഒരു പെണ്കുട്ടിയുടെ ഉപ്പ വിളിച്ചിരുന്നു എന്നെ.. പ്രവാസിയാണ് അദ്ദേഹം... ആശ്കർ അല്ലെ?? എന്ത് ചെയ്യുന്നു ?? വീട്ടിൽ ആരൊക്കെയുണ്ട് എന്നെല്ലാം ചോദിച്ചു അതിനെല്ലാം നല്ല മറുപടിയും കൊടുത്ത് അദ്ധേഹത്തെ കയ്യിൽ എടുത്തുകൊണ്ടിരിക്കെയാണ് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ചോദ്യം വന്നത്..

“മോന്‍റെ ഫേസ്ബുക്ക്‌ ലിങ്ക് ഒന്ന് തരാമോ” എന്ന്.. !!!

എന്ത് ചെയ്യാനാ.. ലിങ്ക് കൊടുത്താൽ പണികിട്ടും എന്നുറപ്പാണ്.. അമ്മാതിരി ചളിയല്ലേ എഴുതികൂട്ടുന്നത്.. പറഞ്ഞു കൊടുക്കാതിരിക്കാനും പറ്റില്ല... രണ്ടും കൽപിച്ചു പറഞ്ഞു കൊടുത്തു.. എന്നാ ശരി മോനെ ഞാൻ വിളിക്കാം എന്നും പറഞ്ഞു അദ്ദേഹം ഫോണ്‍ കട്ട്‌ ചെയ്തു..

പ്രതീക്ഷിച്ചപോലെ തന്നെ സംഭവിച്ചു എന്നാ തോന്നുന്നേ.. പിന്നെ വിളിക്കാം എന്നും പറഞ്ഞു ഫോണ്‍ വച്ചതാ.. ഒരു അഡ്രസ്സും ഇല്ല ഇപ്പൊ...

ഈ പെണ്‍കുട്ട്യോളുടെ ഉപ്പമാർ എല്ലാരും കൂടെ ഫേസ്ബുക്ക്‌ പഠിക്കാൻ തുടങ്ങിയാൽ ഫേസ്ബുക്കിലേ ബാച്ചിലേര്‍സിന്‍റെ കാര്യം കഷ്ടത്തിലാകുമല്ലോ..

ഇങ്ങനെ പോയാൽ ഞാൻ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യും.. പറഞ്ഞേക്കാം... ഫേസ്ബുക്കിൽ പിന്നേം അക്കൗണ്ട്‌ തുടങ്ങി എഴുതി ഫ്രണ്ട്സിനെ കൂട്ടാം.. ഈ പ്രായത്തിൽ കല്യാണം നടന്നില്ലെങ്കിൽ പിന്നെ മാർകറ്റ്‌ ഉണ്ടാവൂലാ എന്നാ കുടുംബക്കാരും നാട്ടാരും പറയണത്..

11.16.2013

മണ്ഡലകാലം ഓർമ്മകൾ


എല്ലാ മണ്ഡലകാലം വരുമ്പോഴും എനിക്ക് ഓർമ്മവരാറു ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്‍റെ അയൽവാസിയായ തങ്കപ്പൻ ചേട്ടൻ കറുത്ത മുണ്ടും മാലയും ധരിച്ചു ശരണം വിളികളുമായി മലയിൽ പോയതും തിരിച്ചു വന്നപ്പോൾ കൊണ്ട് വന്ന പൊരിയും അരവണ പായസവും ആണ്...

അന്ന് കുറെ ആളുകൾ വന്നു 'സ്വാമിയേ അയ്യപ്പോ... അയ്യപ്പോ സ്വാമിയേ ' എന്നുറക്കെ വിളിച്ചുകൊണ്ട് തങ്കപ്പൻ ചേട്ടനെ കൊണ്ട് പോവുമ്പോ ഞാൻ മനസ്സിലാക്കിയ രണ്ടു മണ്ടത്തരങ്ങൾ ഉണ്ടായിരുന്നു...

ഒന്ന് : തങ്കപ്പൻ ചേട്ടന്‍റെ ശരിക്കുള്ള പേര് അയ്യപ്പൻ എന്നാകുന്നു...

രണ്ട് : ശബരിമലക്ക് പോവുന്ന ആളുടെ പേര് ആണ് അവർ ഉറക്കെ വിളിക്കുന്നത്‌.. അടുത്ത പ്രാവശ്യം തങ്കപ്പൻ ചേട്ടന്‍റെ അനിയൻ വേലായുധൻ ചേട്ടൻ മലക്ക് പോവുമ്പോ അവർ
''സ്വാമിയേ വേലായുധോ'' എന്ന് വിളിക്കുമായിരിക്കും....

അത് രണ്ടും തെറ്റാണു എന്ന് മനസ്സിലാക്കാൻ അടുത്ത പ്രാവശ്യം വേലായുധൻ ചേട്ടൻ മലക്ക് പോവുന്നത് വരെ കാത്തിരിക്കേണ്ടി വന്നു എനിക്ക്..

ഇന്ന് വൃശ്ചികം ഒന്ന്... മല കയറാൻ ഉദ്ദേശിച്ചു വ്രതമെടുത്ത് തുടങ്ങിയ എല്ലാ കൂട്ടുകാർകും ആശംസകൾ...


11.12.2013

ആദ്യ ചുംബനം..

അവള്‍ വാ തോരാതെ സംസാരിച്ചിരിച്ചോണ്ടിരിക്കുകയാണ് ..അവളുടെ സ്വപ്നങ്ങളേ കുറിച്ച്.. അവളുടെ കഴിഞ്ഞുപോയ കഥകളെ കുറിച്ച്....

സംസാരിക്കുമ്പോള്‍ ആ മുഖത്ത് മാറി മറയുന്ന ഭാവങ്ങളും കരിമഷി എഴുതാത്ത ആ കണ്ണിന്‍റെ ഇളക്കങ്ങളും എല്ലാം നോക്കിക്കൊണ്ടിരിക്കുകയാണ് ഞാന്‍.

എന്നെ ഇഷ്ടമാണെന്നു അവൾ തുറന്നു സമ്മതിച്ച ശേഷം ആദ്യമായി കിട്ടിയതാ അവളെ ഇത്രേം അടുത്ത്.ഇന്ന് കാണുമെന്നു ഉറപ്പായപ്പോഴേ കുരുത്തം കേട്ടൊരു കുഞ്ഞു മോഹം ഉള്ളില്‍ കേറീണ്ട്.പറ്റുമെങ്കില്‍ ആ കവിളത്തൊരു മുത്തം കൊടുക്കണം..

ഒന്നിച്ചു നടക്കുമ്പോള്‍ ഒരു തവണ ആരും കാണാത്തിടത്തു വച്ചു ഇത്തിരി നേരം കൈ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ അവള്‍ സമ്മതിച്ചിരുന്നു..,അത് തന്നെ ഒരുപാട് വട്ടം ‘പ്ലീസ്,പ്ലീസ്‌ “ എന്നും പറഞ്ഞു മുഖം വാട്ടി പിന്നാലെ കൂടിയതിനു ശേഷം മാത്രം ....

പക്ഷെ ഇതിപ്പോ അത് പോലെ ആണോ.. എങ്ങനെ ചോദിക്കും? ചിലപ്പോ അത് മതിയാകും ഇത്രേം നാൾ കഷ്ടപ്പെട്ട് അവളോടെ മനസ്സിൽ കേറികൂടിയിടത്ത് നിന്നും ഇറക്കി വിടാൻ..

പക്ഷേ അവളെ ഇത്ര അടുത്ത് ഇങ്ങനെ കാണും തോറും മനസ്സിലെ മോഹത്തിന്‍റെ വലുപ്പം കൂടുന്നേയുള്ളൂ.--

വെള്ളം വറ്റിയ തൊണ്ടയില്‍ തുപ്പലിറക്കിക്കൊണ്ട് ഇടറിയ ശബ്ദത്തിൽ ചോദിച്ചു “ ഞാനൊന്ന് ഉമ്മ വച്ചോട്ടേ.’ അത്രേം നേരം റേഡിയോ തുറന്നുവെച്ച പോലെ വര്‍ത്താനം പറഞ്ഞിരുന്നവൾ പെട്ടെന്ന് സംസാരം നിര്‍ത്തി എന്നെ നോക്കി ,പിന്നെ മെല്ലെ തല താഴ്ത്തി..

സ്റ്റാർട്ടിംഗ് ട്രബ്ൾ മാറിയ ധൈര്യത്തില്‍ വീണ്ടും ചോദിച്ചു... ഇല്ല വേണം എന്നോ വേണ്ടാ എന്നോ പറയാതെചുരിദാര്‍ ഷാളിന്‍റെ അറ്റം കൊണ്ട് ഓല മെടഞ്ഞു താഴോട്ട് നോക്കി ഇരിക്കുന്നു അവള്‍...അവളുടെ മനസ്സില്‍ ഒരു വടംവലി മത്സരം തന്നെ നടക്കുന്നുണ്ടെന്ന് തോന്നുന്നു.




സങ്കടത്തോടെ ആ വടംവലിയും നോക്കിയിരിക്കെ മനസ്സില്‍ ലഡ്ഡു പൊട്ടി...

മൌനം സമ്മതം എന്നാണല്ലോ...അവളാണെങ്കില്‍ മിണ്ടുന്നുമില്ല. .ഇത് തന്നെ അവസരം എന്ന് തോന്നിയപ്പോ തട്ടത്തിൻ മറയത്തിൽ വിനോദ് ആയിഷക്ക് കൊടുത്ത ഉമ്മയും മനസ്സിൽ ധ്യാനിച്ചു പതിയെ മുഖം അവളുടെ കവിളിനോടടുപിച്ചു ഞാന്‍..

ഏതോ റ്റാല്‍കം പൌഡറിന്‍റെ മണത്തോടൊപ്പം അവളുടെ സുഗന്ധം എന്‍റെ മൂക്കിലേക്ക് തിക്കിത്തിരക്കി കയറി വന്നു...

എന്‍റെ ചുണ്ടുകള്‍ അവളുടെ റോസാപ്പൂ പോലെ മൃദുലമായ കവിളില്‍ തൊട്ടു....

തൊട്ടോ? ഇല്ല തൊട്ടില്ല. എന്‍റെ മനസ്സില്‍ പൊട്ടിയ ലഡ്ഡു വെറുതെയാക്കി “അയ്യോ മഴ” എന്നും പറഞ്ഞു ആ പെണ്ണ്‍ അടുത്ത മരച്ചുവട്ടിലേക്ക് അതാ എണീറ്റോടുന്നു.....

ഇതുവരേം ഇല്ലാതിരുന്ന ഈ ഒടുക്കത്തെ പണ്ടാരം മഴ എവ്ടുന്നു വന്നു പടച്ചോനെ എന്ന് ആത്മഗതിക്കുമ്പോഴേയ്ക്കും പിന്നില്‍ നിന്ന് വിളികേട്ടു.."ടാ ആശ്കറേ..."

പടച്ചോനെ... ഉമ്മ! ഉമ്മ എങ്ങനെ ഇവിടെത്തി..... ഉമ്മയെന്താ ആകാശത്ത് നിക്കണ്!!!

"കണ്ണും മിഴിച്ചു കേടക്കാണ്ടേ നീച്ചോ ഇയ്യവിടുന്നു.. അതാ അനക്ക് നല്ലത് ..ഇല്ലെങ്കില് ഇന്ജീം വെള്ളം പാരും ഞാന്‍.."

ചാടി എണീറ്റു ഞാന്‍... ഉമ്മ ദാ നിക്കുന്നു നേരെ മുന്നില്‍, കൈയ്യില്‍ ഒരു പാത്രം വെള്ളവുമുണ്ട്.അപ്പൊ ഇതായിരുന്നൂലെ ആ ഒടുക്കത്തെ മഴ..

ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു എനിക്ക്.... ഇത്ത്രേം നേരം ഞാന്‍ സ്വപനം കാണുകയായിരുന്നോ...അയ്യേ...

ഈ ഉറക്കത്തില്‍ സ്വപ്നം കാണുന്ന ഏർപ്പാട് ആരാ കണ്ടുപിടിച്ചതാവോ... ഒരു ഉപകാരവും ഇല്ലന്നെ.. മനുഷ്യനെ ചുമ്മാ കൊതിപ്പിക്കാന്‍...

11.06.2013

എബൌട്ട്‌ മി...





സ്നേഹത്തിന്‍റെ ചൂടുള്ള ആ ഇരുട്ടില്‍ ഉമ്മയുടെ ശ്വാസ നിശ്വാസങ്ങളറിഞ്ഞു വിരലുണ്ട് ഉറങ്ങിയിരുന്നത് മൂന്നു പേരായിരുന്നു... പുറം ലോകം കാണാന്‍ ഒന്നിച്ചെത്തിയവരില്‍ ഒരാളെ ദൈവം തിരിച്ചു വിളിച്ചപ്പോള്‍ ബാക്കിയായ രണ്ടു പേരില്‍ മൂത്തവന്‍ ഞാന്‍....അശ്കര്‍ സിദ്ധീഖ്

പ്രണയ സാഫല്യത്തിന്‍റെ മധുരം ജീവിതത്തിലുടനീളം നുണഞ്ഞുകൊണ്ടിരിക്കുന്ന ഒരുപ്പയുടെയും ഉമ്മയുടെയും വാത്സല്യവും അടിയുടെ ചൂടും ആവോളമറിഞ്ഞ ബാല്യത്തില്‍ ഇക്കാക്ക എന്ന് വിളിക്കാന്‍ രണ്ടു പേര്‍ കൂടി കൂട്ട് വന്നു..


ഉന്നത വിദ്യാഭ്യാസത്തിന്‍റെ പേരില്‍ നടത്തിയ സ്വയം പ്രഖ്യാപിത നാടുകടത്തലിന്‍റെ കൌമാരകാലം ...

പാണ്ടി നാട്ടിലെ വനവാസം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ വാശിക്ക് പഠിച്ച് ജയിച്ചെടുത്ത കമ്പ്യൂട്ടര്‍ സയൻസ് മാസ്റ്റര്‍ ബിരുദം കൈയ്യില്‍.. .

പിന്നെ ജോലി തേടിയുള്ള പരക്കം പാച്ചിലില്‍ എത്തിപ്പെട്ടത് മെട്രോ നഗരത്തില്‍...
നഗരത്തിന്‍റെ ശീലങ്ങള്‍ പഠിചെടുത്തപ്പോഴേക്കും നാട്ടിലേക്കൊരു വര്‍ക്ക്‌ വിസ... അങ്ങനെ സ്വന്തം നാട്ടില്‍ ഒരു മാധ്യമ സ്ഥാപനത്തില്‍ കമ്പ്യൂട്ടറുമായി അടിപിടികൂടികൊണ്ടിരിക്കുന്നു ഇപ്പോള്‍...

മുഖം മിനുക്കാനും സൌഹൃദങ്ങളെ കൂട്ടിയിണക്കാനും മാത്രമായിരുന്നു മുഖപുസ്തകത്തിലെ ആദ്യകാല എത്തിനോട്ടങ്ങള്‍. അക്ഷരങ്ങള്‍ കൊണ്ട് മായാലോകം തീര്‍ക്കുന്നവരെ കണ്ടപ്പോള്‍,അവരുടെ സൌഹൃദ വലയത്തിലേക്ക് എങ്ങനെയെങ്കിലും എത്തിച്ചേരാനുള്ള ശ്രമങ്ങള്‍എല്ലാം പരാജയപ്പെട്ടപ്പോള്‍ രണ്ടും കല്പിച്ചു മലയാളം ഫോണ്ടും കീ ബോര്‍ഡും കൈയ്യിലെടുത്തു....അറിയാവുന്ന ഭാഷയില്‍ മനസ്സില്‍ വരുന്നതെല്ലാം ഞെക്കിക്കുറിച്ചു..

അങ്ങനെ ഇപ്പോള്‍ മുഖപുസ്തകത്തിലെ വലിയ വലിയ ചുമരെഴുത്തുകാരെയും അവരുടെ സൃഷ്ടികളേയും പിന്തുടരാന്‍ ശ്രമിക്കുന്ന ,എഴുത്തിന്റെ ലോകത്തെ ഒരു ശിശു ...

പിച്ചവെച്ചു തുടങ്ങിയിട്ടേയുള്ളൂ.. . പഠിച്ചെടുക്കാന്‍ ഒരുപാടുണ്ട് വാക്കുകള്‍..... എത്തിച്ചേരാന്‍ സൌഹൃദങ്ങളും.....

11.05.2013

ഉമ്മ തന്ന പണി..

ഇന്നലെ രാവിലെ ചായ കുടിക്കാനിരിക്കുമ്പോഴാണ് ഉമ്മയുടെ അപ്രതീക്ഷിത ഓർഡർ വന്നത്..
പെങ്ങളുടെ കൂടെ നിന്‍റെ കൂടെ കല്യാണം കൂടെ നടത്താൻ പോവുന്നു.. വേഗം പെണ്ണിനെ കണ്ടു പിടിച്ചോ..




മനസ്സില് ലഡ്ഡു പൊട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ.. .. !! ചുരുങ്ങിയത് ഒരു വര്ഷം എങ്കിലും കഴിഞ്ഞേ കല്യാണം ഉണ്ടാവൂ എന്നും കരുതി ഇരിക്കുന്ന എനിക്ക് പരമാവധി തന്ന സമയം ഒന്നോ രണ്ടോ മാസം...
പക്ഷെ പെട്ടന്നങ്ങോട്ടു സമ്മതിക്കാൻ പാടില്ലാലോ.. അത് മോശല്ലേ.. കുറചു നേരം വെയ്റ്റിട്ട് വൈകുന്നേരം സമ്മതിക്കാം എന്ന് കരുതി..

ങേ.. കല്യാണം ഇപ്പഴോ.. ഇങ്ങളെന്താണ് ഈ പറയണേ.. കുറച്ചൂടെ കഴിയട്ടെ.. ഇതന്താ കല്യാണം കുട്ടികളിയാ എന്നോകെ ചോദിച്ചു മസ്സിലു പിടിച്ചു ചായയും കുടിച്ചു എണീറ്റ് പോന്നു ഞാൻ...

ഓഫീസിൽ എത്തിയിട്ടും ഉമ്മ പറഞ്ഞത് അങ്ങ് മറക്കാൻ പറ്റുന്നില്ല.. നല്ലൊരു പെണ്ണിനെ കണ്ടു പിടിക്കണം.. ഫ്രണ്ട്സിന്‍റെ അടുതെല്ലാം പറഞ്ഞു വെച്ചു.. ഒന്ന് രണ്ടു മാട്രിമോണി സൈറ്റിലും രജിസ്റ്റർ ചെയ്തു.. നല്ല ഫോട്ടോ എല്ലാം അപ്‌ലോഡ്‌ ചെയ്തു.. മനസ്സിനു പിടിച്ച ഒന്നുരണ്ട് പ്രൊഫൈലുകൾ ഷോർറ്റ് ലിസ്റ്റ് ചെയ്തു വെച്ചു..

വൈകുന്നേരം വീട്ടിൽ എത്തിയിട്ട് ഉമ്മയുടെ അടുത്ത് വന്നിട്ടു മസ്സിലും പിടിച്ചോണ്ട് മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു..
ഉമ്മക്കു അത്രയും നിര്‍ബന്ധാണ് എങ്കിൽ ഞാൻ കല്യാണം കഴിച്ചോളാം...

പെട്ടന്നാണ് ഉമ്മ പറഞ്ഞത്.. വേണ്ടടാ.. നീ പറഞ്ഞ പോലെ തന്നെ മതി.. ഒരു ഒന്നൊന്നര വർഷം കൂടെ കഴിയട്ടെ.. തിരിക്കു പിടിക്കേണ്ട... ഞെട്ടിപ്പോയി ഞാൻ..

ഒന്നുടെ പറഞ്ഞു നോക്കി... അല്ല നിങ്ങളുടെ ഇഷ്ടല്ലേ.. നടക്കട്ടെ...

ഉമ്മ പറയാണ് .. വേണ്ടടാ.. നിനക്ക് ശരിക്കും താൽപര്യം ഇല്ലാത്തതല്ലേ അതോണ്ട് ഇപ്പൊ വേണ്ടാ...

ഇത് ഒരുമാതിരി ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി അത്താഴം ഇല്ലെന്നു പറഞ്ഞത് പോലെയായി..

11.01.2013

പട്ടികളോടും കുട്ടികളോടും കളിക്കരുത്

പണ്ട് മുതലേ കേൾകുന്ന ഒന്നാണിത്.. പട്ടികളോട് ആദ്യമേ കളിക്കാറില്ല.. എന്നാൽ കുട്ടികളുടെ അടുത്ത് അവസരം കിട്ടുമ്പോൾ എല്ലാം കളിക്കാറുമുണ്ട്..

എന്നാൽ ഇന്ന് മുതൽ ഇനി കുട്ടികളുടെ അടുത്ത് കളിക്കുന്നതും ഞാൻ നിർത്തി.. ഇന്ന് ഒരു കുട്ടി കാരണം ആകെ നാണം കെട്ടു

ബസിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു അമ്മയുടെ മടിയിൽ ഇരിക്കുന്ന ചെറിയ കുഞ്ഞ് ഭയങ്കര കരച്ചിൽ.. ഉദ്ദേശം മൂന്നര നാല് വയസ് കാണും…

അവളുടെ അമ്മ കഴിയുന്ന പോലെ പരിശ്രമിക്കുന്നുണ്ട് അവളുടെ കരച്ചിൽ നിർത്താൻ… പക്ഷെ അവൾ വാശിയിലാണ്… എന്ത് തന്നെ പറഞ്ഞിട്ടും കരച്ചിൽ നിർത്തുന്ന ലക്ഷണം ഇല്ല..

എനിക്ക് വേറെ പണിയൊന്നും ഇല്ലാലോ… അപ്പൊ പിന്നെ ആ കരച്ചിൽ നിർത്തിക്കാൻ എന്നെ കൊണ്ട് കഴിയുന്ന വല്ലതും ചെയ്യാം എന്ന് കരുതി…

ആദ്യം കരയല്ലേ.. ആ ചേട്ടൻ പിടിച്ചോണ്ട് പോവും… മിട്ടായി വാങ്ങിതരാം.. ഡ്രൈവർ വണ്ടിയിൽ നിന്നും ഇറക്കി വിടും… കരഞ്ഞാൽ അടി കിട്ടും.. എന്നൊക്കെ പറഞ്ഞു നോക്കി.. ഇല്ല അവൾ കരച്ചിൽ നിർത്തുന്നില്ല…

ഇനി ആകെ ഒരു മാർഗമേ ഉള്ളു.. പേടിപ്പിക്കുക…

ഞാൻ കണ്ണുരുട്ടി നാവും പുറത്തേക്കിട്ടു കൃര് ക്ര്ർ എന്നും ശബ്ദം ഉണ്ടാക്കി അവളുടെ മുഖത്തിന്റെ അടുത്തേക്ക് അടുപ്പിച്ചു..

അവൾ കരച്ചിലിന്റെ ശബ്ദം കുറച്ചൊന്നു താഴ്ത്തി എന്നെ ഒന്നു നോക്കി…സംഗതി ഫലിക്കുന്നുണ്ടെന്ന് തോന്നി.. അടുത്തിരിക്കുന്ന ആളുകൾ എല്ലാം ആശ്ചര്യത്തോടെ നോക്കി ഇരിക്കുന്നുണ്ട്. എന്നാൽ പിന്നെ അവൾ കരച്ചിൽ പൂർണമായി നിർത്തുന്നത് വരെ പേടിപ്പിക്കാം എന്ന് കരുതി..

പെട്ടന്നാണ് അത് സംഭവിച്ചത്… അവൾ കരച്ചിൽ നിർത്തി ഒപ്പം തന്നെ അവളുടെ വലതു കൈ വീശി എന്റെ കാരണകുറ്റി നോക്കി ഒരടി…

കണ്ണിൽ നിന്നും പൊന്നീച്ച പാറി എന്ന് പറയാറില്ലേ.. കുഞ്ഞികൈ ആണെങ്കിലും ശരിക്കും പാറി..

ഞാൻ ഒറ്റക്കാണെങ്കിൽ സഹിക്കാമായിരുന്നു.. ഇത് ഇപ്പോൾ എല്ലാരും കാണുകയും ചെയ്തു… മാത്രവുമല്ല അവൾ നിർത്തി എന്നു കരുതിയ കരച്ചിൽ ഇല്ലേ.. അതിനെയൊക്കെ തോല്പ്പിക്കുമാർ ഉച്ചത്തിൽ വീണ്ടും കരച്ചിൽ തുടങ്ങി അവൾ…

ആകെ നാണം കെട്ടു .. മറ്റു യാത്രകരുടെ മുന്നിൽ.. അവളുടെ അമ്മയുടെ മുന്നിൽ.. തലയിലൂടെ ഇട്ടു മൂടാൻ ഒരു മുണ്ട് കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപ്പോയി..
പിന്നെ ഒന്നും നോക്കിയില്ല.. മൊബൈലും എടുത്ത് കസ്റ്റമർ കെയറിലോട്ടു ഡയൽ ചെയ്തു ‘ഹല്ലോ.. ഹല്ലോ.. പുതിയ വല്ല ഓഫറും ഉണ്ടോ…’ എന്നും ചോദിച്ചു ഞാൻ ഇവിടെ ഒന്നും അല്ലേ.. എന്നും പറഞ്ഞു ഇരിന്നു…

ഇല്ല.. ഇനി മേലാൽ.. അറിയാത്ത പിള്ളേരുടെ അടുത്ത് ഞാൻ കളിക്കില്ല…ഇത് സത്യം സത്യം സത്യം…

NB : ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച എന്റെതന്നെ പോസ്റ്റ്‌..

10.29.2013

കൈപേറിയ അനുഭവങ്ങൾ

രണ്ടു പോലീസുകാരോട് അറിയാവുന്ന മലയാളത്തിൽ എന്തൊക്കെയോ പറയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അയാളെ കണ്ടപ്പോൾ എനിക്ക് എന്താണെന്നു അറിയാൻ ഒരു ആഗ്രഹം..

പ്രായം ഏകദേശം 55 കഴിഞ്ഞ അയാളുടെ പേര് വിശ്വനാഥൻ... സ്ഥലം ചെന്നൈ ആണ്.. ഒരു ബിസിനസ്‌ ആവശ്യാർത്ഥം കോഴിക്കോട് വന്നതാണ്‌ ....



ബസ്‌ ഇറങ്ങിയ നേരത്തെ ഒരു നിമിഷത്തെ അശ്രദ്ധ കാരണം അയാളുടെചില പ്രധാന രേഖകളും വസ്ത്രങ്ങളും അടങ്ങിയ ബാഗ്‌ ആരോ മോഷ്ടിച്ചത്രേ..

പോലീസുകാരുടെ അടുത്ത് സഹായത്തിനു വേണ്ടി കേണപേക്ഷിക്കുമ്പോൾ കണ്ണിൽ നിന്നു കണ്ണീരും കഷണ്ടി തലയിൽ നിന്നു വിയർപ്പും അനിയന്ത്രിതമായി ഒഴുക്കുന്നതു എനിക്ക് വ്യക്തമായി കാണാം...

പക്ഷെ പോലീസുകാരുടെ പ്രതികരണം ഞാൻ വിചാരിച്ച പോലെ തന്നെ ആയിരുന്നു.. സ്വയം ബാഗ്‌ സൂക്ഷിക്കാത്തതിനു അയാളെ കുറെ തെറി പറഞ്ഞു.. ശേഷം ബാഗ്‌ കണ്ടു കിട്ടിയാൽ അറിയിക്കാം കേസ് എടുക്കാൻ കഴിയില്ല എന്നും പറഞ്ഞു അവരെ മടക്കി...

എനിക്കറിയാവുന്ന തമിൾ വെച്ച് ഞാൻ അവരെ ആശ്വസിപ്പിച്ചു തിരിച്ചയച്ചു..

മൂന്ന് മാസം മുമ്പേ ഇതേ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്.. അയാൾ അനുഭവിച്ച വേദന അല്ലെങ്കിൽ അതിന്‍റെ എത്രയോ മടങ്ങ്‌ ഞാൻ അനുഭവിച്ചതാണ്‌ അന്ന്...

കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്ര മദ്ധ്യേ സീറ്റിനു താഴെ വെച്ചിരുന്ന എന്‍റെ ബാഗ്‌ എടുക്കാൻ നോക്കിയപ്പോഴാണ് അത് മിസ്സ്‌ ആയ സത്യം ഞാൻ അറിഞ്ഞത്...

കണ്ണിൽ ഇരുട്ട് കയറി... ആറ്റുനോറ്റ് വാങ്ങിയ വിലപിടിപ്പുള്ള ക്യാമറയും എന്‍റെ പ്രിയപ്പെട്ട ലാപ്ടോപ്പും പിന്നെ എല്ലാ വസ്ത്രങ്ങളും ആ ബാഗിൽ ആണ്..

സമയം നോക്കിയപ്പോൾ 2 30 AM... ബസ്‌ ജീവനക്കാരോട് പറഞ്ഞപ്പോൾ അവർ പോലീസിൽ കേസ് കൊടുക്കാൻ പറഞ്ഞു.....അവർ തന്ന ഒരു 100 രൂപയും വാങ്ങി ഞാൻ അവിടെ ഇറങ്ങി... ഇടപള്ളിയാണ് സ്ഥലം...

വല്ലാത്തൊരു അവസ്ഥയായിരുന്നു... കൈയ്യിൽ മൊബൈൽ മാത്രം... രാത്രി ശരിക്ക് ഉറങ്ങാൻ വേണ്ടി പേഴ്സ് എടുത്ത് ബാഗിൽ വെച്ചിരുന്നു.. അതും പോയി..

പിന്നീട് അങ്ങോട്ട്‌ എറണാകുളത്തുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും കയറി ഇറങ്ങി... ഇടപ്പള്ളി,നോർത്ത്‌,പാലാരിവട്ടം, കളമശ്ശേരി തുടങ്ങി അഞ്ചു പോലീസ് സ്റ്റേഷനുകളിൽ..എല്ലാവരും പറഞ്ഞത് ഒന്ന് മാത്രം..

അവരുടെ സ്റ്റേഷൻ പരിധിയിൽ നിന്നാണ് ബാഗ്‌ പോയത് എന്നതിന് എവിടെ തളിവ്.!! ബസിൽ ഉറങ്ങുമ്പോൾ ബാഗ്‌ മടിയിൽ വെച്ച് ഉറങ്ങരുതായിരുന്നോ ??? അവസാനം കളമശ്ശേരി പോലീസ് പേരിനു കേസ് രജിസ്റ്റർ ചെയ്തു...

പിന്നെ നേരം വെളുക്കുന്നത്‌ വരെ ഒറ്റയ്ക്ക് ടൌണിൽ ചുമ്മാ അന്തം വിട്ടു നിന്ന്‌.. നല്ല മഴയും ഇടിയും.... എന്നാലും വിയർത്തൊലിചു കൊണ്ടിരുന്നു... കുറച്ചു നേരം കരഞ്ഞു...

അത് ഒരു വല്ലാത്ത ഒരവസ്ഥയാണ്..

നേരം വെളുത്തതിന് ശേഷം ഉമ്മയെ വിളിച്ചു.. നിനക്കെന്തെങ്കിലും പറ്റിയോ..? ഇല്ലാലൊ..? എങ്കിൽ പോയത് പോകട്ടെ... എന്ന ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ മാത്രമാണ് ഞാൻ ആ അവസ്ഥയുമായി പൊരുത്തപ്പെട്ടതു...

ക്ഷണ നേരം കൊണ്ട് അന്യന്‍റെ ജീവനും പെണ്ണിന്‍റെ മാനവും അപഹരിക്കുന്ന ഇക്കാലത്ത് എനിക്കും അയാൾക്കും സംഭവിച്ചതെല്ലാം വളരെ നിസാരമെങ്കിലും മനസ്സിനൊരു വേദനയാണ് ഇത് പോലുള്ളവ കാണുമ്പോഴും അനുഭവിക്കുമ്പോഴും .......

ഒരു കാര്യം..... നമ്മുടെ വിലപിടിപ്പുള്ള വസ്തുകൾ എവിടെ പോകുമ്പോഴും നമ്മൾ തന്നെ സൂക്ഷിക്കുക.. കളഞ്ഞു പോയാൽ ഒരുപക്ഷെ ആരും തന്നെ ഉണ്ടാകണമെന്നില്ല ഒരു കൈ സഹായിക്കാൻ....

10.24.2013

സദാചാര കാവല്‍ ഭടന്മാര്‍....




ആറ്റുനോറ്റ് കിട്ടിയ നിമിഷങ്ങള്‍
തോളില്‍ തലചായ്ച്ചു എന്‍ പ്രിയ സഖി
ഇത്തിരി സ്വപ്നങ്ങള്‍ നെയ്തു കൂട്ടാന്‍ ഒരു മരതണല്‍...

ചാടി വീഴുന്നു ചിലര്‍
പുതു ഇരകളെ കിട്ടിയപോല്‍

ആര്‍ത്തിയുടെ ഇടകണ്ണിനാല്‍
അവളുടെ മേനിയെ നോക്കി നാവും
നുണച്ചുകൊണ്ടവര്‍
ഉച്ചത്തില്‍ പറഞ്ഞു പഠിപ്പിക്കുന്നു സദാചാര
മൂല്യങ്ങള്‍..

നല്ലവരാണവര്‍, വഴി പിഴയ്ക്കാതെ രക്ഷിച്ചവര്‍
ഇനി ആ നന്മയുടെ സാക്ഷ്യപത്രം വേണം
സദാചാരത്തിന്‍റെ മൂല്യം ഗാന്ധിതലകളില്‍ വാങ്ങി
പിന്‍വാങ്ങുന്നു ആ കാവല്‍ ഭടന്മാര്‍....

10.21.2013

സദാചാരം

ബസ്സില്‍ “ഷട്ടറിന്‍റെ. രണ്ടു ക്ലിപും ഇടുക” എന്നെഴുതിയ സീറ്റില്‍ ഒരു ക്ലിപ്പ് മാത്രം ഇട്ടു യാത്ര ചെയ്യുന്ന ആളുകളെ കാണുമ്പോഴെല്ലാം എനിക്ക് ദേഷ്യം വരും..

ഈ മലയാളികള്‍ ഇങ്ങനെതന്നെയാണു.... ഇവിടെ മൂത്രം ഒഴികരുത് എന്ന് പറഞ്ഞാല്‍ അവിടെ ഒഴിക്കു.. ഇവിടെ തുപ്പരുത് എന്ന് പറഞ്ഞാല്‍ അവിടെ തുപ്പൂ.. രണ്ടു ക്ലിപ്പും ഇടണം എന്ന് പറഞ്ഞാല്‍ ഒന്നേ ഇടൂ.. എന്നൊക്കെ മനസ്സില്‍ കരുതും ഞാന്‍..

അവസരം കിട്ടുമ്പോള്‍ ഇവരെ കുറിച്ച് ഒരു പോസ്റ്റ്‌ എഴുതി പോസ്റ്റാന്‍ നടക്കായിരുന്നു ഞാന്‍....

ഇന്ന് ബസില്‍ കയറിയപ്പോള്‍ ഇതുപോലെ ഒരു ക്ലിപ്പ് മാത്രം ഇട്ട ഒരു സീറ്റ്‌ കണ്ടു.. ആഹ... എന്നാല്‍ പിന്നെ അവിടെ തന്നെ പോയി ഇരിക്കാം എന്നിട്ട് രണ്ടു ക്ലിപ്പും ഇടാം.... എന്നാല്‍ പിന്നെ ധൈര്യമായി പോസ്റ്റ്‌ എഴുതാലോ എന്നും കരുതി അവിടെപോയി ഇരുന്നു ഞാന്‍..

എന്നിട്ട് ഷട്ടര്‍ പൊക്കി രണ്ടാമത്തെ ക്ലിപ്പ് ഇടാന്‍ നോക്കിയപ്പോള്‍ അത് എത്രയായിട്ടും കുടുങ്ങുന്നില്ല.. ഞാന്‍ പിന്നെയും ശ്രമിച്ചു.. നോ രക്ഷ... ക്ലിപ്പിനു എന്തോ കേടുപ്പറ്റിയാതാണെന്ന് മനസ്സിലായി...ആകെ നാണം കെട്ടു..

ഇത്ര നാള്‍ ഞാന്‍ എന്നെ പോലെ ശ്രമിച്ചിട്ടും പരാജയപെട്ടവരെ ആണെങ്കിലോ മനസ്സില്‍ ചീത്ത പറഞ്ഞിട്ടുണ്ടാവുക എന്ന് ആലോചിച്ചുപ്പോയി ഞാന്‍...

ഏതായാലും ഒരു കാര്യം മനസ്സിലായി... കാണുമ്പോഴേക്കും അങ്ങ് കുറ്റംചുമത്തി കളയരുത്...പിന്നില്‍ എന്തെങ്കിലും കാരണമുണ്ടാവാം എന്ന്...

10.19.2013

ഒരു ജന്മമകലം നീയെനിക്കെന്നാകിലും ...



ഇരു വിരല്‍ തുമ്പാല്‍
കോര്‍ത്തു പിടിച്ചോരീ നിമിഷങ്ങള്‍
ജന്മങ്ങളാക്കി കൊതിച്ചിടാം...

മറു ജന്മം ഞാന്‍ നിനക്കെന്നു പരസ്പരം വാക്കിനാല്‍
ആശതന്‍ ജലരേഖകള്‍ വരച്ചിടാം...

പൊഴിയുന്ന പൂക്കളില്‍ മെല്ലെ ചവിട്ടി നാം
ഒരു നാളില്‍ വിരഹത്തിന്‍ വഴിയെ നടന്നിടും

ഒരു ജന്മമകലം നീയെനിക്കെന്നാകിലും
ഒരു ശ്വാസദൂരം അരികില്‍ നീ ഈ നിമിഷം....

10.12.2013

ഒരു ട്രെയിൻ യാത്രാ അനുഭവം....

മിക്കപ്പോഴും നമ്മള്‍ സ്വയം നന്നാവാതെ ആണ് മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കാറു... ഇതാ ഇതു പോലെ.... എന്‍റെ ഒരു ചെറിയ യാത്ര അനുഭവം നോക്കുക...

ട്രെയിനില്‍ വിന്‍ഡോസ്‌ സീറ്റില്‍ ഇരുന്നുകൊണ്ട് ചുമ്മാ പുറം കാഴ്ചകള്‍ കണ്ടു മടുത്തപ്പോള്‍ ഞാന്‍ വെറുതെ എന്‍റെ മുന്‍ സീറ്റില്‍ ഇരിക്കുന്നവരുടെ അടുത്തേക്ക് കണ്ണുകള്‍ പായിച്ചു...

എന്‍റെ നേരെ ഒരു യുവാവും അദ്ധേഹത്തിന്‍റെ ഭാര്യയും ഇരിക്കുന്നുണ്ട്.... ചുമ്മാ അവര്‍ അറിയാതെ അവരെ തന്നെ നോക്കിയിരുന്നപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് ആ യുവതി അയാളോട് ചെറിയ ശബ്ദത്തില്‍ ദേഷ്യം പിടിക്കുകയും അയാളെ പിച്ചുകയും ചെയ്യുന്നു...

കുറച്ചു കഴിഞപ്പോഴാണ് കാരണം പിടികിട്ടിയത്.. ആ പാവം മനുഷ്യന്‍ ഉറങ്ങുമ്പോള്‍ വായ തുറന്നിട്ടാണ് ഉറങ്ങുന്നത്.. അതു കാണുമ്പോള്‍ ഭാര്യക്കു ദേഷ്യം വരും അയാളെ പിച്ചി എണീപ്പിക്കും എന്നിട്ട് വായ പൂട്ടി ഉറങ്ങാന്‍ പറയുന്നു.. അയാള്‍ ശരി ഇനി തുറക്കില്ല എന്നും വാക്ക്‌ കൊടുത്തു ഉറങ്ങും.. പക്ഷെ പിന്നെയും തഥൈവ... ഇതാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതു...

കാണാന്‍ നല്ല രസം..

പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യയും ഉറങ്ങി... അപ്പോള്‍ അവരുടെ വായ ആ പാവം മനുഷ്യന്‍റെ വായ തുറന്നതിനെക്കാള്‍ രണ്ടിരട്ടി വലുപ്പത്തില്‍ തുറന്നിരുന്നു...

ഇടയ്ക്കെപ്പോഴോ ഉറക്കമുണര്‍ന്ന അയാള്‍ വായും തുറന്നു ഉറങ്ങുന്ന അവളെ നോക്കി ഒരു ചെറു ചിരിയും ചിരിച്ചു വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു..

..............................

NB : നല്ല കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി വായനോക്കുന്നതില്‍ തെറ്റില്ല..

10.10.2013

ഇന്നത്തെ തുടക്കം ഗംഭീരം..

ഇന്നു രാവിലെ ചായ കുടിക്കാൻ വേണ്ടി എന്നും പോവാറുള്ള കടയിൽ നിന്നും ഒരു ചേഞ്ച്‌ ആവട്ടെ എന്നു കരുതി ഓഫീസിനോട് കുറച്ചു മാറി നില്കുന്ന ഒരു ചെറിയ കടയിൽ ചെന്നു...


രണ്ടു അപ്പൂപ്പന്മാർ ആണ് ആ കട നടത്തുന്നതു... ഗ്യാസ് ഉപയോഗിക്കുന്നതിനു പകരം വിറകു അടുപ്പ് ആണ് അവർ ഇപ്പോഴും ഉപയോഗിക്കുന്നെത്...

പുട്ടും ഓർഡർ ചെയ്തു കാത്തിരുന്നു...
കുറച്ചു കഴിഞ്ഞപ്പോൾ അവർ പുട്ടും പപ്പടവും കൂടെ രണ്ടു മൈസൂര് പഴവും കൊണ്ട് വരുന്നു..!!

കറിക്കു പകരം പഴം ആണത്രേ അവിടത്തെ വിഭവം..

ഹോ.. പിന്നെ ഒന്നും നോക്കിയില്ല... പുട്ടും പഴവും പപ്പടവും പഞ്ചസാരയും കൂട്ടി കുഴച്ചു പ്ലിം പ്ലിം എന്നാക്കി അടിച്ചങ്ങ്‌ കേറ്റി .. കൂടെ ഒരു ഗ്ലാസ്‌ ചായയും....

അവസാനം ബില്ല്എത്രയായി എന്ന് ചോദിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത് ..വെറും 20 രൂപ.. !!

ഏതായാലും ഇന്നത്തെ തുടക്കം ഗംഭീരം..

10.05.2013

ഔട്ട്‌ സാറ്റ്... ഔട്ട്‌ സാറ്റ്... !!!



പണ്ട് നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം.. ആഴ്ചയില്‍ ഒരിക്കല്‍ PT പീരീഡ്‌ ആയിരിക്കും.. കളിക്കാനുള്ള സമയം..

ആ ദിവസം എല്ലാവരും കൂടെ ഗ്രൂപ്പ്‌ ആയിട്ടും അല്ലാതെയും പല തരത്തില്‍ ഉള്ള കളികള്‍ കളിക്കും.. ഒരു ദിവസം എല്ലാവരും കൂടെ ഫുട്ബോള്‍ കളിക്കാന്‍ തീരുമാനമായി..

എല്ലാവരും ചേർന്ന് രണ്ടു ടീം എല്ലാം തട്ടിക്കൂട്ടി.. മത്സരം തുടങ്ങി.. ഫുട്ബോള്‍ കളിയെ കുറിച്ചു കേട്ടിട്ടുണ്ട് എങ്കിലും മത്സരത്തിന്റെ നിയമമോ രീതിയോ ഒന്നും എനിക്ക് അറിയില്ലായിരുന്നു....

കുറെ നേരം പന്തിന്റെ പിന്നാലെ ഓടി നോക്കി.. നോ രക്ഷ.. കിട്ടുന്നില്ല.. എന്നാലും ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു..

അപ്പോഴാണ് എതിര്‍ ടീമിലെ ഗോളി ബോള് പൊക്കി അടിച്ചത്... അതു ഉയര്ന്നു പൊങ്ങി... നോക്കുമ്പോള്‍ അതു എന്റെയ നേരെയാണ് വരുന്നത്...

ചുറ്റും നോക്കി...അടുത്തെങ്ങും ആരും ഇല്ല... പിന്നെ ഒന്നും നോക്കിയില്ല... ഒറ്റ ചാട്ടത്തിനു ബോള്‍ കൈ പിടിയില്‍ ഒതുക്കി.... എന്നിട്ട് വിജയഭാവത്തില്‍ ക്രിക്കറ്റില്‍ വികെറ്റ് കീപ്പര്‍ അപ്പീല്‍ വിളിക്കുന്ന പോലെ വിളിച്ചു പറഞ്ഞു...

ഔട്ട്‌ സാറ്റ്... ഔട്ട്‌ സാറ്റ്... !!! (മുതിര്ന്നിപ്പോള്‍ ആണ് മനസ്സിലായത് അത് ‘ഹൌ ഈസ്‌ ദാറ്റ്‌’ എന്നു അര്‍ത്ഥം വരുന്ന ‘Howzat’ എന്നാണ് എന്നു) കുറച്ചു നേരം ആരും ഒന്നും പറയുന്നില്ല...

എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു... എന്നിട്ട് പെട്ടന്ന് നാലു ഭാഗത്ത്‌ നിന്നും എല്ലാരും കൂടെ ഒരു ടീം എന്ന പോലെ എന്റെന നേരെ ഓടി വരുന്നു... നമ്മള്‍ കാണാറില്ലേ നാഷണല്‍ ജീയോഗ്രഫി ചാനലില്‍ സിംഹകൂട്ടം ഇരയെ പിടിക്കാന്‍ വരുന്നത് ? അതുപോലെതന്നെ..

അപ്പോഴാണ് ഞാന്‍ ചെയ്തതില്‍ എന്തോ തെറ്റുണ്ടെന്ന് എനിക്ക് ബോദ്ധ്യമായത്... പിന്നെ ഒന്നും നോക്കിയില്ല... ഗ്രൗണ്ടില്‍ നിന്നും ഓടി രക്ഷപെട്ടു.. ഹും എന്നോടാ കളി..

ഇപ്പോഴും ഫുട്ബോള്‍ എന്നു കേൾക്കുമ്പോൾ അന്ന് ഞാന്‍ കളിച്ച ആ നാലാം ക്ലാസ്സിലെ കളിയാണ് എനിക്ക് ഓർമ്മ വരാറ... 

9.28.2013

ന്യൂ ജനറേഷൻ.

അമ്മാവന്റെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന്‍ വീട്ടില്‍ വിരുന്നു വന്നതായിരുന്നു...

ചെക്കന്‍ ഭയങ്കര വികൃതിയാ.. അടങ്ങി ഇരിക്കുന്നേ ഇല്ല...

കൂടെ ഇരുന്ന്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഏതായാലും ഒന്ന് ഉപദേശിച്ചു കളയാം എന്നു കരുതി..

ചെറുപ്പത്തിൽ എനിക്കു സ്ഥിരമായി കിട്ടിയിരുന്ന ഉപദേശങ്ങളിൽ നിന്നും ചിലത് കടപ്പാട് ഒന്നും വെക്കാതെ കട്ടെടുത്തു കൊണ്ട് ഞാൻ അവനോട് ചോദിച്ചു..

ഡാ ഇങ്ങനെയൊക്കെ കളിച്ചു നടന്നാല്‍ മതിയോ.. നീ പഠിക്കുന്ന കുട്ട്യല്ലേ.. എത്ര പഠിക്കാനുണ്ടാവും നിനക്കു... ഇങ്ങനെ പോയാല്‍ നീ കുറേ കാലം മുന്നാം ക്ലാസ്സില്‍ തന്നെ ഇരിക്കേണ്ടി വരില്ലേ.. എന്നൊക്കെ..

അപ്പൊ അവന്‍ എടുത്ത വഴിക്ക് ഒരു ലോഡ് പുച്ഛം കലർത്തി പറയുകയാണ്‌.. 'അജ്ജീ (അയ്യേ) ഈ ഭായ്ക്കു ഒന്നും അറിയില്ലാ.. ഞങ്ങള്‍ പഠിച്ചാലും ഇല്ലേലും എട്ടാം ക്ലാസ്സ്‌ വരെ തോല്പിക്കാന്‍ പറ്റില്ലാ.. തോല്പിച്ചാല്‍ മാഷ് കുടുങ്ങും' എന്നു.. !!!

ഞാൻ അത് ചുമ്മാ പറയുന്നതാ എന്നൊക്കെ പറഞ്ഞു കുറച്ചു നേരം തർക്കിച്ചു നോക്കി.. നോ രക്ഷ... അവൻ വിട്ടു തരുന്നില്ല..അവനോടൊക്കെ പിന്നെ ഞാന്‍ എന്താ പറയാ... ആകെ നാണം കെട്ടു...

മിണ്ടാതെ ചോറും കഴിച്ചു വേഗം എന്നീറ്റു പോന്നു.. ഒന്നും വേണ്ടീരുന്നില്ലാ..

ഇപ്പോഴത്തെ ടീച്ചിംഗ് സിസ്റ്റം അതാണത്രേ.. തോല്പ്പിക്കാന്‍ പാടില്ലത്രെ..!!

നമ്മള്‍ എല്ലാം പഠിക്കുന്ന കാലത്തെ കുറിച്ചു ഒന്ന് ആലോചിച്ചു നൊക്കൂ.. ഇപ്പോഴും റിസൾട്ട്‌ വരുന്ന ദിവസത്തെ കുറിച്ചോർക്കുമ്പോൾ പേടിയാവും..

റിസൾട്ട്‌ അറിയാന്‍ പോവുന്ന ദിവസം സ്കൂളില്‍ എത്തുന്ന വരേ അറിയാവുന്ന പ്രാര്ത്ഥ നകളും ആയത്തുകളും (ഖുറാന്‍ സൂക്തങ്ങള്‍) ചൊല്ലിയാ പോവാറ്.. അന്ന് ചൊല്ലുന്ന പ്രാർത്ഥനയുടെ അത്ര പിന്നീട് ഞാൻ ചൊല്ലിയിട്ടുണ്ടാവില്ല... തോല്ക്കുംമോ എന്നു ഭയന്നിട്ട്..

ഏതായാലും ഇപ്പോഴത്തെ പുതിയ തലമുറയ്ക്ക് അന്ന് നമ്മള്‍ കേട്ടിരുന്ന പോലുള്ള ഒരു വിധ ഉപദേശങ്ങള്‍ ഒന്നും ഏശൂല എന്നു മനസ്സിലായി....

പുതിയ വല്ല അടവും ഉണ്ടെങ്കിൽ പറയണേ.

9.26.2013

മാതാ അമൃതാനന്ദമയീയുടെ 60 ആം പിറന്നാൾ

അമൃത പുരിയിൽ മാതാ അമൃതാനന്ദമയീയുടെ 60 ആം പിറന്നാൾ മോഡിയുടെ കൂടെ നടന്നു കൊണ്ടിരിക്കുന്നു..

അവതരകാൻ GS പ്രദീപ് ആവും എന്ന് കരുതി.. മോഡിയെ കുറിച്ച് പുതിയ വല്ല വിവരവും തരാൻ ശ്രി പ്രദീപിനു കഴിയുമായിരുന്നു..

ഒരു പക്ഷെ മോഡി എങ്ങാനും പ്രധാനമന്ത്രി ആയാൽ ഡേറ്റ് ഓഫ് ബർത്ത് എല്ലാം psc പരീക്ഷക്ക്‌ ചോദിയ്ക്കാൻ ചാൻസ് ഉണ്ട്..

നമ്മുടെ ഉപരഷ്ട്രപധിയുടെ ജന്മദിനം ഏപ്രിൽ ഫസ്റ്റ് ആണ് എന്ന് ഇനി നമുക്ക് ആരെങ്കിലും പറഞ്ഞു തരേണ്ടതുണ്ടോ..

പക്ഷെ അവതരകാൻ വേറെ ആരോ ആണ്.. :(

ദേശിയ ഗാനത്തിനു പകരം വേറെ ഏതോ പ്രാർത്ഥനയും.. :(

ഇനി ഇപ്പൊ എന്തിനാ അത് കാണുന്നേ. ഒരു രസവും ഇല്ല.. :(

9.23.2013

കോട്ടുവായ്

നമ്മൾ കണ്ടുകൊണ്ടിരിക്കെ ആരെങ്കിലും ഒരാള്‍ കോട്ടുവായ് ഇട്ടാൽ നമ്മളും കോട്ടുവായ് ഇടുമല്ലോ... ഈ ഒരു മുടിഞ്ഞ തത്വം കാരണം ഇന്നെനിക്ക് ഒരു എട്ടിന്റെ പണികിട്ടി...

ഇന്നു ബസ്‌ ട്രാഫിക്‌ ബ്ലോക്കിൽ സിഗ്നൽ കിട്ടാൻ ഊഴവും കാത്തു നിൽകുമ്പോൾ വലതു ഭാഗത്ത്‌ വേറെ ഒരു ബസ്‌ കൂടെ വന്നു നിന്നു.. ചുമ്മാ ഒന്നു കണ്ണോടിച്ചപ്പോൾ അതിൽ ഒരു സുന്ദരി പെണ്‍കുട്ടി...

നമ്മള് വിടോ ?? വെറുതെ അവളേം നോക്കികൊണ്ടിരുന്നു..

ഞാൻ അവളെയാണ് നോക്കുന്നത് എന്ന് മനസ്സിലാക്കിയ അവൾ എന്നെ തിരിച്ചും നോക്കി..

അപ്പോൾ ഞാൻ ഒന്നും അറിയില്ലേ.. ഞാൻ എത്ര സുന്ദരികുട്ട്യോളെ കണ്ടതാ.. എന്ന ഭാവത്തിൽ ഒരു മൂളിപ്പാട്ടും പാടി ചെവിയിൽ ഇയർ ഫോണും തിരുകി ഡിസന്റ് ആയി ഇരുന്നു...

പാവം അവൾ ഞാൻ നോക്കിയിട്ടില്ലാന്നും കരുതി പിന്നേം പുറത്തേക് നോക്കി ഇരുന്നു...അവളെ അങ്ങനെയങ്ങ് വിടാൻ പറ്റില്ലാലോ... പിന്നേം ചുമ്മാ അവളേം നോക്കികൊണ്ടിരുന്നു..

ഇതാ ആ പെണ്ണിനു പിന്നേം ഡൌട്ട്.. അവൾ പെട്ടന്ന് എന്നെ നോക്കി.. ഹേയ്... ഞാൻ അവളെ കണ്ടിട്ടുംകൂടെ ഇല്ലേ എന്നും പറഞ്ഞു പാട്ടുംകേട്ടിരുന്നു..

ആ എന്നാ ശരി എന്നാ മട്ടിൽ അവൾ വീണ്ടും എന്‍റെ മുഖത്ത് നിന്നും കണ്ണുകള്‍ പിന്‍വലിച്ചു..

ദേ ഞാന്‍ പിന്നേം അവളെ നോക്കികൊണ്ടിരുന്നു...

പെട്ടന്നു ആ പെണ്ണ് കോട്ടുവായ് ഇട്ടു... കണ്ടു നില്‍ക്കുന്ന എനിക്ക്
സഹിക്കോ??

കോട്ടുവായ് ഇട്ട ഉടനെ തന്നെ അവൾ എന്നെ തിരിഞ്ഞു നോക്കേം ചെയ്തു...

പണി പാളീലേ.. ഞാന്‍ ഇവിടെ ഇരുന്നു കോട്ടുവായ് കണ്ട്രോള്‍ ചെയ്യാന്‍
നോക്കിട്ടും കഴിഞ്ഞില്ല.. ഞാനും ഇട്ടു നല്ല ഒന്നാന്തരം കോട്ടുവായ്..

അവളാണെങ്കില്‍ എന്നെ കയ്യോടെ പിടിച്ച സന്തോഷത്തില്‍ ഇരിക്കുന്നു.. പിന്നെ ഞാന്‍ അവളെ നോക്കിയതേ ഇല്ല..

എന്നു എന്താ പറ്റിയെന്നു അറിയില്ല.. ട്രാഫിക്‌ ടൈമര്‍ ആണെങ്കില്‍ ഭയങ്കര സ്ലോയും...

9.22.2013

ഫേസ്ബുക്ക്‌ ഫ്രണ്ട്സ്.

മനോരമ ന്യൂസ്‌ റീഡർ മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗമായ ജിക്കു മോൻ ജേക്കബിന്റെ അടുത്ത് തുടരെ തുടരെ ചോദിച്ച ഒരു ചോദ്യം...

"സ്വര്‍ണക്കടത്തുകാരാൻ ഫയാസ് എങ്ങനെ നിങ്ങളുടെ Facebook അക്കൗണ്ടിൽ വന്നു.. Facebook ഫ്രണ്ട് റിക്വസ്റ്റ് കണ്‍ഫേം ചെയ്യമ്പോൾ നിങ്ങൾ എന്ത് കൊണ്ട് അവരുടെ മുഴുവൻ വിവരങ്ങളും അന്വേഷിച്ചില്ലാ?. അതൊരു ഗുരുതരമായ തെറ്റല്ലെ "

ഇവർ ഇങ്ങനെ ഒക്കെ ചോദിക്കാൻ തുടങ്ങിയാൽ പണി പളൂലോ ... മിക്ക ഫ്രണ്ട്സിന്റെയും പേരും സ്ഥലവും മാത്രേ അറിയൂ.. അല്ലാതെ അവരുടെ തൊഴിലും ഫാമിലി ബാക്ക്ഗ്രൌണ്ടും എല്ലാം നോക്കണം എന്ന് പറഞ്ഞാൽ കാര്യം പ്രശ്നാണ്.

9.21.2013

കല്യാണപ്രായം..


കല്യാണ പ്രായത്തിന്റെ കാര്യത്തില്‍ എല്ലാ മത പണ്ഡിതരും കാണിക്കുന്ന ഈ ശുഷ്കാന്തി സ്ത്രീധനത്തിന്റെ കാര്യത്തില്‍ കാണിക്കുകയാണ് എങ്കില്‍ എത്രയോ കുടുംബങ്ങളുടെ പുണ്യം കിട്ടിയേനെ...

സ്ത്രീധനം ഒന്ന് കൊണ്ട് മാത്രം 26 ഉം 30 ഉം വയസ്സ് ആയിട്ടും കല്യാണം കഴിക്കാൻ പറ്റാതെ എത്ര എത്ര പെണ്‍കുട്ടികൾ !!!!

9.18.2013

പെണ്ണുങ്ങളുടെ ഒരു കുരുട്ടുബുദ്ധി.. പെണ്ണുങ്ങളുടെ ശത്രു പെണ്ണ് തന്നെ.

പെണ്ണുകാണലും ശേഷം കല്യാണം ഉറപ്പിക്കലും കഴിഞ്ഞു അധികം കഴിയാതെ തന്നെ ഭാവി വധുവുമായി കുറേ നേരം ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തിനെ ഞാൻ ചുമ്മാ കളിയാക്കികൊണ്ടിരുന്നു...

കല്യാണനിശ്ചയം കഴിഞ്ഞ ഉടനെ തന്നെ അവളുമായി ഇത്ര പെട്ടന്ന് അടുത്തതിനു ഞാൻ അവനെ അഭിനന്ദിച്ചു...

അപ്പോൾ സന്തോഷത്തോടൊപ്പം തന്നെ തെല്ലൊന്നു പരിഭവത്തോടെ അവൻ പറഞ്ഞു ...

"ഞാൻ കല്യാണത്തിന്റെ മുമ്പേ തന്നെ അവളുമായി കൂടുതൽ സംസാരിക്കുന്നതും അടുക്കുന്നതും എന്‍റെ അമ്മയ്ക്ക് തീരെ ഇഷ്ടമല്ല ഡാ... ഞാൻ ഇപ്പൊ അമ്മ അറിയാതെ ആണ് അവള്ക്ക് വിളിക്കാറ് എന്ന്.. "

അപ്പൊ ഞാൻ ആശ്ചര്യത്തോടെ അവനോട് അതെന്താ അങ്ങനെ. നീ കെട്ടാൻ പോവുന്ന പെണ്ണല്ലേ എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞ കാരണം ഞെട്ടിപ്പിക്കുന്നതയിരുനു....

അവന്‍റെ അമ്മ അവനോട് പറയുമത്രേ...

"കല്യാണത്തിന്റെ മുമ്പേ അവളുമായി നീ കൂടുതൽ അടുത്തൽ അവർ കല്യാണത്തിനു തരാൻ ഉദ്ദേശിച്ച സ്വർണവും പണവും തരില്ല.. അതു കുറച്ചേ തരൂ.. അതുകൊണ്ട് നീ അവളുമായി കല്യാണം കഴിഞ്ഞിട്ടു സംസാരിച്ചാൽ മതി" എന്ന്...

നോക്കണേ പെണ്ണുങ്ങളുടെ ഒരു കുരുട്ടുബുദ്ധി.. പെണ്ണുങ്ങളുടെ ശത്രു പെണ്ണ് തന്നെ.

9.17.2013

എന്താ പുറത്തു പോയികൂടെ..

"എന്താ പുറത്തു പോയികൂടെ.. ഗൾഫിൽ നോക്കികൂടെ..ഇവിടെ ഇത്ര കിട്ടുന്നില്ലേ.. അപ്പൊ അവിടെ അത്ര കിട്ടില്ലേ.. കുറച്ചു കാലം അവിടെ പോയിട്ട് കുറച്ചു കാശ് എല്ലാം ഉണ്ടാക്കി തിരിച്ചു പോന്നൂടെ.."

നാട്ടിലെ മിക്ക ആളുകളും പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇതു...

സത്യം പറയാലോ..

ഇവിടെ നാട്ടിൽ തന്നെ കുറച്ചൂടെ ഒന്നു ട്രൈ ചെയ്താൽ നല്ല ജോലി കിട്ടും എന്നിരികെ ഈ ഒരു മനോഭാവം ഒന്നു കൊണ്ട് മാത്രാണ് നമ്മുടെ നാട്ടിലേ മിക്ക കൂട്ടുകാരും വേഗം വിദേശത്ത് പോവുന്നതും..

പിന്നെ അയ്യോ ഞാൻ പെട്ടുപോയേ... നാട് തന്നെ മതിയായിരുന്നേ എന്നെല്ലാം പറഞ്ഞു അലറി വിളിക്കുന്നതും...

പത്തു കഴിയുമ്പോഴേ അല്ലേൽ അതിന്റെ മുന്നേ ഉഴപ്പാൻ തുടങ്ങും... ചോദിച്ചാൽ പറയും. ഉപ്പ ഗൾഫിൽ ആണ്.. ഏട്ടൻ ഗൾഫിൽ ആണ്.. ഞാൻ അങ്ങോട്ട്‌ പോവും എന്നൊക്കെ....

എന്നിട്ട് പോയി കഴിഞ്ഞാലോ.. പിന്നെ അവൻ പ്രാവാസി എന്നും പറഞ്ഞു കരച്ചിലും പിഴ്ചിലും.. പ്രവാസത്തിന്റെ വേദന പറഞ്ഞു സെന്റി അടിക്കലും.. അതൊക്കെ കണ്ടാൽ തോന്നും നമ്മൾ എല്ലാരും കൂടെ പറഞ്ഞു വിട്ടാതാണ് എന്ന്...

എല്ലാ ദിവസവും ഞാൻ നേരത്തെ പറഞ്ഞത് പോലുള്ള ചോദ്യം അഭിമുഖീകരിക്കുന്നതു കൊണ്ടു എഴുതിയതാണ്... ആരേം കുറ്റം പറയാൻ എഴുതിയതല്ല...

എല്ലാരും കൂടെ എന്റെ മേൽ പൊങ്കാല ഇടാൻ വെരണ്ട.. എല്ലാരും അങ്ങനെയാണു എന്നു ഞാൻ പറഞ്ഞിട്ടില്ല... പക്ഷെ കുറച്ചു പേര് അങ്ങനെയാണ്..

9.14.2013

വിശ്വാസിക്കാൻ കഴിഞ്ഞില്ല ആദ്യം...

തലസ്ഥാന നഗരിയിൽ ഒരു യുവതി വാഹനം ഇടിച്ചിട്ടു അര മണിക്കൂറോളം നടുറോഡിൽ രക്തം വാർന്നു മരിച്ചു...

വിശ്വാസിക്കാൻ കഴിഞ്ഞില്ല ആദ്യം...

പണ്ട് വര്ഷങ്ങള്ക് മുമ്പ്‌ +2 കഴിഞ്ഞു ഒരു സുഹൃത്തിന്റെ കൂടെ ചെന്നൈയിൽ പോയപ്പോൾ അവൻ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു...

"ഇതു നമ്മുടെ നാട് പോലെ അല്ല.. ഒരു വണ്ടി ഇടിച്ചു റോഡിൽ കിടന്നാൽ പോലും ഒരു കുട്ടിയും തിരിഞ്ഞു നോക്കില്ല" എന്നു...

ഇപ്പൊ സമാധാനമായി... അവരും നമ്മളും ഒരേ പോലെ ആയെല്ലോ... നമുക്ക് പറയാലോ.. ഞങ്ങളുടെ നാടും ചെന്നൈയും എല്ലാം ഒരേ പോലെ ആണ് എന്ന്...

നമ്മുടെ നാട്ടുകാര്ക് എന്താ പറ്റിയത് എന്നറിയില്ല... ചിലപ്പോൾ അത് തിരുവനന്തപുരം അയതോണ്ടാവും എന്നും പറഞ്ഞു സ്വയം സമാധാനിക്കാൻ ശ്രമിക്കുന്നു.....

എന്റെ നാട്ടിൽ - മലപ്പുറത്ത്‌ .. ഒരു അപകടം നടന്ന ശബ്ദം കേട്ട് അവിടേക്കു ഓടി എത്തിയാൽ തന്നെ അപകടം നടന്ന വാഹനങ്ങൾ മാത്രമേ കാണാൻ കഴിയാറുള്ളൂ.. എല്ലാവരും കൂടെ കിട്ടിയ വണ്ടിയിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാറുണ്ട്...

എന്റെ നാട് നിങ്ങടെ നാട് എന്നും പറഞ്ഞു അടി കൂടാൻ പറഞ്ഞതല്ല. ഉള്ള കാര്യം പറയണം എന്ന് തോന്നി പറഞ്ഞതാണ്‌..

9.11.2013

ഡോക്ടർ ഇതൊരു രോഗമാണോ... ഈ രോഗം എങ്ങനെ മാറ്റം.. ?

വേഗപ്പൂട്ട് സമരം ചീറ്റിപ്പോയതു കൊണ്ടാണോ എന്നറിയില്ല.. സ്ഥിരമായി നിർത്തി തരാറുള്ള മിക്ക ബസുകളും നിർത്തി തെന്നില്ല..

കൈ കാണിക്കുമ്പോൾ നമ്മോട് എന്തോ ദേഷ്യം ഉള്ള പോലെ ഡ്രൈവർ ബസ്‌ ഒന്നുടെ സ്പീഡ് കൂട്ടി വിടുന്നു..

അങ്ങനെ സ്ഥിരമായ്‌ ഞാൻ പോവാറുള്ള എല്ലാ ബസുകളും പോയി കഴിഞ്ഞു.. ഇനി അടുത്ത ബസ്‌ കിട്ടിയിട്ടും കാര്യം ഇല്ല... ബസ്‌ സ്റ്റാൻഡിൽ എത്താൻ ലേറ്റ് ആവും.. പോവാനുള്ള PP ബസ്‌ മിസ്സ്‌ ആവും... ചുരുങ്ങിയത് അര മണിക്കൂര് എങ്കിലും ലേറ്റ് ആവും..

അപ്പൊ പിന്നെ നമ്മുടെ അടുത്ത അടവു തുടങ്ങി... പ്രാര്ത്ഥന..

സ്റ്റാൻഡിൽ സ്ഥിരമായി 8 30നു വരാറുള്ള ബസ്‌ ചുരുങ്ങിയത് ഒരു 10 മിനുട്ട് എങ്കിലും ലേറ്റ് ആയി വരാൻ വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി..

പ്രാർത്ഥിച്ചുകൊണ്ടിരിക്കെ അവിചാരിതമായി ഒരു ഓട്ടോ കിട്ടി...

അങ്ങനെ എന്നും എത്താറുള്ള പോലെ തന്നെ സമയത്തിന് ഞാൻ സ്റ്റാൻഡിൽ എത്തി.. 8 30 നുള്ള ബസ്‌ വെയിറ്റ് ചെയ്യാൻ തുടങ്ങി...

പക്ഷെ 8 30 ആയിട്ടും ബസ്‌ വരുന്നില്ല.. മനുഷ്യന് ദേഷ്യം വരാൻ തുടങ്ങി.. നേരത്തെ ബസ്‌ 10 മിനുട്ട് എങ്കിലും ലേറ്റ് ആയി വരാൻ പ്രാർത്ഥിച്ചതു ഞാൻ മറന്നു..

നേരം പാലിക്കാത്ത KSRTC യെ ഞാൻ മനസ്സില് തെറി വിളിച്ചു.. അവർകെല്ലാം എന്താ കൃത്യ സമയം പാലിച്ചാൽ? കുറച്ചൊക്കെ ഉത്തരവാദിത്ത ബോധം വേണ്ടേ..

ഏതായാലും 5 മിനുട്ട് ലേറ്റ് ആയി ബസ്‌ വന്നു.. ഭാഗ്യം... ഓഫീസ്ൽ കറക്റ്റ് സമയത്ത് എത്തി...

എന്റെ ഒരു കാര്യം നോക്കണേ... എന്നാണാവോ ഞാൻ ഒക്കെ ഒന്ന് നന്നാവുക... സാഹചര്യത്തിന് അനുസരിച്ച് മനസ്സ് മാറുന്നു ....

സ്വന്തം കാര്യം സിന്ദാബാദ്‌

9.10.2013

നാണക്കേട്‌..

കുറച്ചു കാലമായി റിപ്പോർട്ടർ ചാനലിലെ ശ്രി ഷാജി ജേകബ് അവരുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ reporterlive.com സൈറ്റിൽ ''കാഴ്ച'' എന്നൊരു കോളം എഴുതുന്നുണ്ട്...

പ്രേക്ഷകര്ക് വേണ്ടി നിലവിലുള്ള എല്ലാ ചാനലുകളും ഒന്ന് പോലും വിടാതെ കണ്ടതിനു ശേഷം അവയുടെ പ്ലസ്‌ പോയിന്റ്‌ഉം നെഗറ്റീവ് പോയിന്റ്‌ഉം എഴുതുന്നതാണ് ഈ കോളം ...

സംഗതി ഒക്കെ കൊള്ളം.... മിക്കപ്പോഴും ഉള്ളത് ഉള്ള പോലെ തന്നെ എഴുതാൻ ശ്രി ഷാജി ജേകബ് ശ്രദ്ധിക്കാറുണ്ട്...

എന്നാൽ sep 4 നു അദ്ദേഹം "കേരളത്തിലെ ഇരുതലമൂരികള്‍" എന്ന തലകെട്ടിൽ എഴുതിയ ലേഖനത്തിൽ എനിക്ക് തെറ്റാണെന്ന് തോന്നിയ ഒരു ഖണ്ഡിക താഴെ കൊടുക്കുന്നു..

'' മലയാളം ചാനലുകള്‍ രണ്ടു കായികതാരങ്ങള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കി, കഴിഞ്ഞയാഴ്ച. ഒന്ന്, നിലവില്‍ അര്‍ജ്ജുന അവാര്‍ഡ് ലഭിക്കാന്‍ നിയമപരമായി ബാധ്യതയോ സാധ്യതയോ ഇല്ലാത്ത വോളിബോള്‍താരം ടോം ജോസിനുവേണ്ടി. മറ്റൊന്ന്, മയക്കുമരുന്ന് വിവാദത്തില്‍പെട്ട് പുരസ്‌കാരം റദ്ദായ രഞ്ജിത് മഹേശ്വരിക്കുവേണ്ടി. ഇതില്‍ ടോമിനുവേണ്ടിയൊഴുക്കിയ കണ്ണീരിന് യുക്തിയുടെ പോലും പിന്‍ബലമില്ല. ഗെയിമുകള്‍ക്ക് നല്‍കാത്ത അര്‍ജ്ജുന അവാര്‍ഡ് എങ്ങനെയാണ് ടോമിനു ലഭിക്കുക എന്ന് ആരും വിശദീകരിച്ചില്ല. ചാനലുകളുടെ ആക്രാന്തത്തെക്കാള്‍ കഷ്ടം ടോമിന്റെ വിലാപമായിരുന്നു.''

ഇതിൽ പറഞ്ഞ താഴെ കൊടുത്ത വരികൾ എന്തടിസ്ഥാനത്തിൽ ആണ് അദ്ദേഹം എഴുതിയത് എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല...

"ഇതില്‍ ടോമിനുവേണ്ടിയൊഴുക്കിയ കണ്ണീരിന് യുക്തിയുടെ പോലും

പിന്‍ബലമില്ല. ഗെയിമുകള്‍ക്ക് നല്‍കാത്ത അര്‍ജ്ജുന അവാര്‍ഡ് എങ്ങനെയാണ് ടോമിനു ലഭിക്കുക എന്ന് ആരും വിശദീകരിച്ചില്ല."

കാരണം മറ്റൊന്നും അല്ല... മനസ്സില് തോന്നിയത് അപ്പാടെ എഴുതുന്നതിന്റെ മുന്നേ കുറഞ്ഞത്‌ ഒരു ചെറിയ പഠനം നടത്തിയാൽ അറിയാൻ പറ്റും മുൻ കാലങ്ങളിൽ മലയാളി ഹോളിബോൾ താരമായ Jimmy George (1976) അടക്കം 24 ഹോളിബോൾ താരങ്ങള്ക് ഇന്ത്യൻ സർകാർ അർജുൻ അവാര്ഡ് കൊടുത്തിട്ടുണ്ട്... !! പിന്നെ എങ്ങനെ ടോമിന്റെ കാര്യം വരുമ്പോൾ മാത്രം യുക്തിരഹിതമാവുന്നത് !!

ശ്രി ഷാജിയെ പോലുള്ള മുതിര്ന്ന ഒരു പത്ര പ്രവർത്തകൻ ഇതു പോലുള്ള തെറ്റായ വിവരങ്ങൾ വായനക്കാര്ക്ക് ഇടയിൽ പങ്കു വെക്കുന്നത് വളരെ ഗുരുതരമായ ഒരു തെറ്റാണു... അല്ലെങ്കിൽ തന്റെ തൊഴിലിനോട് കാണിക്കുന്ന അനീതിയാണ്...

അദ്ദേഹം എഴുതിയ ലേഖനം ഇവിടെ വായിക്കാം : http://www.reporterlive.com/2013/09/04/47434.html

മുൻ കാലങ്ങളിൽ ഹോളിബോളിൽ അര്ജുന അവാര്ഡ് കിട്ടിയ വിവരങ്ങൾ ഇതാ ഇവിടെ : http://en.wikipedia.org/wiki/Arjuna_Award#Arjun_Awardees_in_Volleyball

ഞാൻ എനിക്ക് തോന്നിയത് പറഞ്ഞു എന്നെ ഉള്ളു.. തെറ്റാണെങ്കിൽ തിരുത്തി തരുമെന്നു പ്രതീക്ഷിക്കുന്നു..

9.09.2013

നാട്ടിലെ കല്യാണമുടക്കി കാരണവന്മാർ

"നാട്ടുകാരെ,

ഈ നാട്ടിൽ പകൽ മാന്യമാർ ആയ പല ആളുകളും വിനോദമായി കല്യാണ മുടക്കൽ നടത്തുന്നു ...
ഇനിയും തുടർന്നാൽ നടക്കാൻ കാലും , മുടക്കാൻ നാവും ഉണ്ടാവില്ല..."








എന്റെ നാട്ടിൽ കല്യാണപ്രായം ആയ ഒരു പറ്റം ചെറുപ്പക്കാർ കുറച്ചു കാലം മുന്നേ നാട്ടിൽ സ്ഥാപിച്ച ഒരു ഫ്ലെക്സ് ബോർഡിലെ ചില വരികൾ ആണ് ഇവ...

എന്റെ നാട്ടിൽ എന്നല്ല എല്ലാ നാട്ടിലും ഉണ്ടാവാം ഇതു പോലുള്ള കുറച്ച് കല്യാണമുടക്കികൾ...

പക്ഷെ അന്ന് ഈ ബോർഡ്‌ കണ്ടപ്പോൾ ഞാൻ മനസ്സില് പറഞ്ഞത് എന്താണെന്നു അറിയുമോ..

"വേണ്ടാത്ത പോലെ കച്ചറയും വലീം കുടീം ആയി നടക്കും.. എന്നിട്ടിപ്പോ കല്യാണം നടക്കാത്തതിനു കുറ്റം നാട്ടാര്കും എന്നു"

എന്നാൽ കല്യാണപ്രായം ആവുംതോറും എനിക്കും ഒരു പേടി..പേടി മറ്റൊന്നും അല്ല.. ഇനി ഇപ്പൊ എനിക്കിട്ടും പണിയോ എന്നതു തന്നെ..

അവരെ പറഞ്ഞിട്ടും കാര്യം ഇല്ല... നാട്ടിൽ ഒരു പരിപാടിക്കും ഉണ്ടാവില്ല.. രാവിലെ അങ്ങട്ട് പോയാൽ രാത്രിയെ മടങ്ങി വരൂ.. അല്ലേൽ ഒരാഴ്ച കഴിഞ്ഞിട്ട്.. അവർക്ക് നമ്മളെ കാണാൻ കിട്ടണ്ടേ..

ഇതിനു ഒരു പരിഹാരം എന്താണ് എന്ന് കുറെ തല പുകഞ്ഞു ആലോചിച്ചപ്പോൾ ആണ് ഒരു ഐഡിയ തോന്നിയത്.... ഐഡിയ മറ്റൊന്നും അല്ല വളരെ സിമ്പിൾ ആണ്.. കുറച്ചു ക്ഷമ വേണം...

ഇപ്പൊ എന്നും ഓഫീസ് കഴിഞ്ഞു വന്നാൽ അങ്ങാടിയിലേക്ക് ഇറങ്ങും... വളരെ ഡീസന്റ് ആയി മുഖത്ത് ഒരു ചെറു പുഞ്ചിരിയും ആയി വേണം നടക്കാൻ...

പോകുന്ന വഴിയിൽ കുറെ കാരണവന്മാരെ കാണാം... ഒന്നും ആലോചിക്കണ്ട... അങ്ങോട്ട്‌ ചെന്ന് സുഖവിവരം അന്വേഷിക്കുക....

ഉദാഹരണത്തിന് :

ഹായ് കാകാ സുഖല്ലേ.. ഓൻ വിളിക്കല്ണ്ടോ ഇപ്പൊ... എന്താ ഒരു ചൂടല്ലേ... ഇങ്ങനെ പോയാൽ എന്താപ്പോ ചെയ്യാ.. മഴേം ഇല്ല.. വേണങ്കിൽ.. കൂടെ വരില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ടീ കുടിക്കാനും വിളിക്കാം....

ചില കാരണവന്മാർ നമ്മെ വിളിക്കും... മാനെ ഇങ്ങു വന്നെ.. ഇതൊന്നു നോക്കിയെ .. എന്താപ്പോ ഇതില് പറഞ്ഞെ എന്നൊക്കെ ചോദിച്ചിട്ട്... ഒട്ടും വൈകണ്ട... ഓടി അവരുടെ അടുത്ത ചെന്ന് ഡൌട്ട് ക്ലിയർ ചെയ്തു കൊടുക്കുക...

ഇപ്പൊ ഞാൻ ആലോചിച്ചിട്ട് ഇതേ ഒരു പരിഹാരം കാണുന്നുള്ളൂ.... വർക്ക്‌ ആവുമോ എന്തോ കണ്ടറിയാം.

ഇവരുടെ അടുത്ത് നിന്നും രക്ഷപെട്ടവരുടെ വിലയേറിയ മറ്റു ഉപദേശങ്ങൾ വല്ലതും ഉണ്ടേൽ കിട്ടുമെന്ന പ്രതീക്ഷയോടെ .....

9.08.2013

കാലം കഴിയും തോറും മനുഷ്യന്ബുദ്ധിക്കു ശക്തി കുറഞ്ഞു കൊണ്ടിരിക്കുന്നോ ??

ഒരു പ്രമുഖ ചാനലിൽ വെന്ന വാർത്ത‍:

ആറ് വയസ്സുകാരിയെ തന്നെ പീഡിപ്പിച്ച പ്രതിയുടെ എട്ടു വയസ്സുള്ള മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ രാജസ്ഥാനിലെ ഒരു പഞ്ചായത്ത് ഉത്തരവിട്ടു എന്നു...

എന്നാൽ വിധി കേട്ട യുവാവ്‌ അതിനു തയ്യാറല്ല എന്നും പെണ്‍കുട്ടിയെ ഞാൻ തന്നെ വിവാഹം കഴിക്കാം എന്നും പറഞ്ഞുവത്രേ... എന്നാൽ അത് പഞ്ചായത്ത് വിലക്കി..

കാലം കഴിയും തോറും മനുഷ്യന്ബുദ്ധിക്കു ശക്തി കുറഞ്ഞു കൊണ്ടിരിക്കുന്നോ എന്നു തോന്നിപോവുന്നു ഇത് കാണുമ്പോ..

ആ പാവം കുട്ടി കല്യാണം കഴിഞ്ഞാലും ആ കാട്ടാളന്റെ അടുത്തേക്ക് തന്നെ അല്ലെ പോവേണ്ടിവരിക ...

ഏതായാലും പ്രശനം ശ്രദ്ധയിൽ പെട്ട പോലീസ് കേസ് എടുത്തിട്ടുണ്ട്... ദൈവം കാക്കട്ടെ..

''ഇങ്ങള് എന്തു വിടലാണ് ബവോട്ടാ'' എന്നും പറഞ്ഞു ഇങ്ങോട്ട് വരണ്ടാ .. ന്യൂസ്‌ ലിങ്ക് താഴെ കൊടുക്കുന്നു...

http://ibnlive.in.com/news/rajasthan-panchayat-orders-minor-rape-survivor-to-marry-accuseds-8yearold-son/419806-3-239.html

9.07.2013

ഒരാള്കിട്ടു പണി കൊടുത്തേ.. പ്യാവം...

ഇന്നലെ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സിൽ കയറി ചുമ്മാ പുറം കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരാൾ അടുത്ത് വന്നു.. എന്നിട്ട് ഒരു 10 രൂപ തെരമോ എന്ന് ചോദിച്ചു...

അയാളുടെ പേഴ്സ് ആരോ മോഷ്ട്ടിച്ചു... അതിൽ ഉണ്ടായിരുന്ന കാശ് എല്ലാം പോയി എന്നും പറഞ്ഞു ഭയങ്കര സങ്കടംപറച്ചിൽ.. സാധാരണ ഇത് പോലുള്ള കാര്യം പറഞ്ഞു ആരെങ്കിലും അടുത്ത് വന്നാൽ പിന്നെ ഒനും ആലോചിക്കാറില്ല... നമുക്കും ഇതു പോലുള്ള അവസ്ഥ എപ്പോഴാ വരിക എന്ന് അറിയില്ലാലോ..

പക്ഷെ അയാളുടെ ചോദിക്കുന്ന രീതിയും മറ്റും കണ്ടപ്പോ ഞാൻ ചില്ലറ ഇല്ല എന്നും പറഞ്ഞു കൊണ്ട് ഒന്നും കൊടുക്കാതെ തിരിച്ചയച്ചു...

പക്ഷെ രസം അതല്ല.. ഇന്നും ഞാൻ അതു പോലെ ബസ്‌ വരുന്നതും നോക്കി നിൽകുമ്പോൾ ഈ പറഞ്ഞ ആൾ എന്റെ അടുത്ത് വന്നു എന്നെ തോണ്ടി വിളിച്ചു..

ഇന്നലത്തെ പോലെ തന്നെ കഥ പറയാൻ പോവാണ് എന്ന് മനസ്സിലാക്കിയ ഞാൻ അയാളോട് അങ്ങോട്ട്‌ ചോദിച്ചു...

"പേഴ്സ് ആരോ അടിച്ചു മാറ്റിയല്ലേ.. അതിൽ 2500 രൂപ ഉണ്ടായിരുന്നുല്ലേ.. ഇപ്പൊ നാട്ടിൽ പോവാൻ അത്യാവശമയി ഒരു 10 രൂപ വേണംല്ലേ "

അയ്യോ.. അപ്പൊ അയാളുടെ മുഖഭാവം ഒന്നു കാണേണ്ടതു തന്നെ ആയിരുന്നു .... പിന്നെ അയാൾ കൂടുതൽ നേരം അവിടെ നില്കാതെ എങ്ങോട്ടോ സ്പീഡിൽ നടന്നു നീങ്ങി...

ഇതു പോലുള്ള കുറച്ചു പേര് ഉണ്ടായാൽ മതി അർഹിക്കുന്നവർകും സഹായങ്ങൾ നിരസിക്കപെടാൻ....

9.06.2013

വാഹനാപകടം

വാഹനാപകടം ഉണ്ടായാൽ ഡ്രൈവറുടെ അത്ര തന്നെ ഉത്തരവാദിത്തം ഞാനടക്കം ഉള്ള യത്രക്കാർകും ഉണ്ട്..

ബസ്‌ കുറച്ചൊന്നു സ്പീഡ് കൂടുമ്പോൾ യത്രകാർകു പറയാൻ കഴിയണം വണ്ടി ഇത്ര സ്പീഡ് വേണ്ട എന്ന്..

പക്ഷെ ഞാൻ എന്താ ചെയ്യാറ് എന്ന് നോക്കു...

വീട്ടിൽ നിന്നും ഓഫീസിലോട്ട് ഇറങ്ങാൻ ലേറ്റ് ആയാൽ പിന്നെ പറയുകയും

വേണ്ട.. ബസ്‌ ഒന്നു സ്പീഡ് കുറഞ്ഞാൽ മതി എനിക്കു ദേഷ്യം വരും.. ബസിനു സൈഡ് കൊടുക്കാത്ത മറ്റു വാഹനങ്ങൾ കണ്ടാൽ എനിക്കു സഹിക്കില്ല... ബസ്‌ നോർമൽ സ്പീഡിൽ ആണ് പോവുന്നത് എങ്കിൽ സീറ്റിൽ ഒപ്പം ഇരിക്കുന്നവർ അങ്ങോട്ടും ഇങ്ങോട്ടും പറയും.. ഇയാളെ കൊണ്ട് തോറ്റു.. എന്താ ഒന്ന് സ്പീഡിൽ പോയാൽ എന്നു !!!!

നേരെ മറിച്ചു ഞാൻ ബൈകിലോ കാറിലോ ആണെങ്കിലോ ഓവർ സ്പീഡിൽ പിറകിൽ വരുന്ന ബസ്‌ കണ്ടാൽ എന്നിലെ സദാചാരം ഉണരും.. എന്റെ കണ്ട്രോൾ പോവും... ബസ്‌ ഡ്രൈവറെ വായിൽ കിട്ടുന്ന തെറിയെല്ലാം വിളിക്കും....

ഈ ഒരു സ്വഭാവം മാറിയാൽ മാത്രമേ ഇതുപോലുള്ള അപകടങ്ങൾ കുറയു...

അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങല്കും അതു താങ്ങാനുള്ള കരുത്ത് ദൈവം കൊടുക്കുമാറാവട്ടെ എന്നും ഇതു പോലുള്ള പെട്ടന്നുള്ള മരണങ്ങളിൽ നിന്നും കത്ത് രക്ഷിക്കുമാറാവട്ടെ എന്നും നമുക്ക് പ്രാർത്ഥിക്കാം..

9.05.2013

മിസ്സ്‌ ആവുന്നു ആ ദിനങ്ങൾ... ♥♥♥


എത്രയോ അധ്യാപകരുടെ കീഴിൽ പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും എന്റെ ഇഷ്ടപെട്ട ഗുരു എന്റെ ഉപ്പയും ഉമ്മയും ആണ്. എല്ലാ പരീക്ഷകളുടെയും തലേന്നു ഉപ്പ വടിയും കൊണ്ട് അടുത്ത് ഇരിക്കും .. എന്നിട്ട് ഒരു പടിപ്പിക്കലുണ്ട് .... ഉപ്പ വായിപ്പിക്കും ഫസ്റ്റ്.. എന്നിട്ട് ചോദ്യം ചോദിക്കും... കിട്ടിയില്ലേൽ നല്ല അടി കിട്ടും.. പിറ്റേന്ന് പരീക്ഷക് പോയാൽ ഉപ്പ പറഞ്ഞു തന്ന ചോദ്യങ്ങൾ ഉറപ്പായിട്ടും ചോദിച്ചിട്ടുണ്ടാവും..

അങ്ങനെ എക്സാം കഴിഞ്ഞു വന്നാൽ അടുത്ത ഊഴം ഉമ്മയുടെതാണ്... ചോദ്യപേപ്പർ ചോദിച്ചു വാങ്ങി ഓരോ ചോദ്യവും ചോദിക്കും... ഒരു കയ്യിൽ വടിയും ഉണ്ടാവും.. ഓരോ ഉത്തരം പറയുമ്പോഴും പേടിച്ചു വിറക്കും..

മിസ്സ്‌ ആവുന്നു ആ ദിനങ്ങൾ... ♥♥♥

എങ്ങനെ ജീവിക്കണം എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ രണ്ടാമതു ഒന്ന് ആലോചിക്കാണ്ടേ ഞാൻ പറയും.. എന്റെ ഉപ്പയെ പോലെ എന്നു..

പറ്റില്ല എന്നറിയാം. എന്നാലും അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം..

അവരുടെ കൂടെ ഇനിയും കുറേ കാലം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ.. ♥♥♥

9.02.2013

ദേശീയ പതാക കരിങ്കൊടി ആണോ ???

 കരിങ്കൊടി


കേരളത്തിൽ വെന്ന ഒരു സായിപ്പിന് നമ്മുടെ കേരളത്തിന്റെ ദേശീയ പതാക കരിങ്കൊടി ആണോ എന്നൊരു ഡൌട്ട്.. ഇവിടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ചല്ലേ സ്വീകരണം.....

9.01.2013

Too excited by seeing Google's special doodle for my b'day..


 ഇന്ന് രാവിലെ തന്നെ ഗൂഗിൾ ഓപ്പണ്‍ ചെയ്തപ്പോ ഗൂഗിളിന്റെ പേര് കേക്ക് കൊണ്ട് ഡിസൈൻ ചെയ്തു വെച്ചിരിക്കുന്നു... ഇതാരപ്പാ എന്റെ ബർത്ത് ഡേ ക് വേറെ മഹാന്റെ ബർത്ത് ഡേ എന്ന് ആലോചിച്ചു മൗസ് കൊണ്ട് വെച്ചപ്പോ അങ്ങേരുടെ വക മെസ്സേജ് 






'Happy B'day Ashkar' !!!

ശോ ഈ ഗൂഗിളിന്റെ ഒരു കാര്യം...രാവിലെ തന്നെ സർപ്രൈസ് തന്നു...

8.26.2013

സ്ത്രീധനം..


ഇപ്പോഴും എനിക്കു പിടികിട്ടാത്ത ഒരു ചോദ്യമാണ് ഒരാൾക് എങ്ങനെയാണു ജീവിതകാലം മുഴുവൻ കൂടെ കഴിയെണ്ടാവരോടു ഇങ്ങനെ കണക്കു പറഞ്ഞു സ്ത്രീധനം വാങ്ങാൻ പറ്റുന്നതു എന്നതു...

ഈ അറബി കല്യാണത്തിനും , മൈസൂര് കല്യാണത്തിനും ഒക്കെ ഒരു തരത്തിൽ മാതാപിതാക്കളുടെ അത്ര തന്നെ ഉത്തരവാദികൾ ആണ് ഇവിടെത്തെ സ്ത്രീധനം വാങ്ങുന്നവരും

1.13.2013

കോയി പീട്യാ.....പത്തിരി പീട്യാ


ആഴ്ചയിൽ ഒരിക്കൽ കഴിയുന്നതും ഒരു യാത്ര നിർബന്ധമാണ്‌ എനിക്ക്.. ഈ ആഴ്ച പോയത് ഒരു ഫുഡ്‌ ഫെസ്റ്റിവെലിൽ പങ്കെടുക്കാൻ വേണ്ടിയാണു.. കോഴിക്കോട് സരോവരം ബയോ പാർക്കിൽ വെച്ച് നടന്ന ഫെസ്റ്റിവൽ ഒരു നവ്യാനുഭവമായി..

ജീവിതത്തിൽ ഇത് വരെ കേട്ടിട്ടുപോലുമില്ലാത്ത പലതരത്തിലുള്ള ഫുഡ്‌ ഐറ്റംസ് കാണാനും രുചിച്ചു നോക്കാനും കഴിഞ്ഞു..

പല തരത്തിലുള്ള ബിരിയാണികൾ , പത്തിരികൾ, അപ്പങ്ങൾ, അച്ചാറുകൾ അങ്ങനെ പലതും കാണാൻ കഴിഞ്ഞു..

ഭക്ഷണ സ്റ്റാളുകൾക് നൽകിയ പേരുകളായിരുന്നു ആളുകളെ കൂടുതൽ ആകർഷിച്ചത്..

തനി കോഴിക്കോട്,കണ്ണൂര്, മലപ്പുറം ഭാഷകളിൽ തന്നെയായിരുന്നു പേരുകൾ.. അവയിൽ ചിലത്..

കോയി പീട്യാ ,പത്തിരി പീട്യാ, ചെരണ്ടി ഐസ് , മലപ്പുറം ബീഫ് പീട്യാ. എന്നിവയാണ്..

അവിടെ നിന്നും പകർത്തിയ ചില ചിത്രങ്ങൾ താഴെ കൊടുക്കുന്നു..