2.18.2010

എന്നെ കുറിച് ഇത്തിരി വിവരങ്ങൾ..

സ്നേഹത്തിന്‍റെ ചൂടുള്ള ആ ഇരുട്ടില്‍ ഉമ്മയുടെ ശ്വാസ നിശ്വാസങ്ങളറിഞ്ഞു വിരലുണ്ട് ഉറങ്ങിയിരുന്നത് മൂന്നു പേരായിരുന്നു... പുറം ലോകം കാണാന്‍ ഒന്നിച്ചെത്തിയവരില്‍ ഒരാളെ ദൈവം തിരിച്ചു വിളിച്ചപ്പോള്‍ ബാക്കിയായ രണ്ടു പേരില്‍ മൂത്തവന്‍ ഞാന്‍....അശ്കര്‍ സിദ്ധീഖ്

പ്രണയ സാഫല്യത്തിന്‍റെ മധുരം ജീവിതത്തിലുടനീളം നുണഞ്ഞുകൊണ്ടിരിക്കുന്ന ഒരുപ്പയുടെയും ഉമ്മയുടെയും വാത്സല്യവും അടിയുടെ ചൂടും ആവോളമറിഞ്ഞ ബാല്യത്തില്‍ ഇക്കാക്ക എന്ന് വിളിക്കാന്‍ രണ്ടു പേര്‍ കൂടി കൂട്ട് വന്നു..

ഉന്നത വിദ്യാഭ്യാസത്തിന്‍റെ പേരില്‍ നടത്തിയ സ്വയം പ്രഖ്യാപിത നാടുകടത്തലിന്‍റെ കൌമാരകാലം ...

പാണ്ടി നാട്ടിലെ വനവാസം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ വാശിക്ക് പഠിച്ച് ജയിച്ചെടുത്ത കമ്പ്യൂട്ടര്‍ സയൻസ് മാസ്റ്റര്‍ ബിരുദം കൈയ്യില്‍.. .

പിന്നെ ജോലി തേടിയുള്ള പരക്കം പാച്ചിലില്‍ എത്തിപ്പെട്ടത് മെട്രോ നഗരത്തില്‍...
നഗരത്തിന്‍റെ ശീലങ്ങള്‍ പഠിചെടുത്തപ്പോഴേക്കും നാട്ടിലേക്കൊരു വര്‍ക്ക്‌ വിസ... അങ്ങനെ സ്വന്തം നാട്ടില്‍ ഒരു മാധ്യമ സ്ഥാപനത്തില്‍ കമ്പ്യൂട്ടറുമായി അടിപിടികൂടികൊണ്ടിരിക്കുന്നു ഇപ്പോള്‍...

മുഖം മിനുക്കാനും സൌഹൃദങ്ങളെ കൂട്ടിയിണക്കാനും മാത്രമായിരുന്നു മുഖപുസ്തകത്തിലെ ആദ്യകാല എത്തിനോട്ടങ്ങള്‍. അക്ഷരങ്ങള്‍ കൊണ്ട് മായാലോകം തീര്‍ക്കുന്നവരെ കണ്ടപ്പോള്‍,അവരുടെ സൌഹൃദ വലയത്തിലേക്ക് എങ്ങനെയെങ്കിലും എത്തിച്ചേരാനുള്ള ശ്രമങ്ങള്‍എല്ലാം പരാജയപ്പെട്ടപ്പോള്‍ രണ്ടും കല്പിച്ചു മലയാളം ഫോണ്ടും കീ ബോര്‍ഡും കൈയ്യിലെടുത്തു....അറിയാവുന്ന ഭാഷയില്‍ മനസ്സില്‍ വരുന്നതെല്ലാം ഞെക്കിക്കുറിച്ചു..

അങ്ങനെ ഇപ്പോള്‍ മുഖപുസ്തകത്തിലെ വലിയ വലിയ ചുമരെഴുത്തുകാരെയും അവരുടെ സൃഷ്ടികളേയും പിന്തുടരാന്‍ ശ്രമിക്കുന്ന ,എഴുത്തിന്റെ ലോകത്തെ ഒരു ശിശു ...

പിച്ചവെച്ചു തുടങ്ങിയിട്ടേയുള്ളൂ.. . പഠിച്ചെടുക്കാന്‍ ഒരുപാടുണ്ട് വാക്കുകള്‍..... എത്തിച്ചേരാന്‍ സൌഹൃദങ്ങളും.....