11.01.2013

പട്ടികളോടും കുട്ടികളോടും കളിക്കരുത്

പണ്ട് മുതലേ കേൾകുന്ന ഒന്നാണിത്.. പട്ടികളോട് ആദ്യമേ കളിക്കാറില്ല.. എന്നാൽ കുട്ടികളുടെ അടുത്ത് അവസരം കിട്ടുമ്പോൾ എല്ലാം കളിക്കാറുമുണ്ട്..

എന്നാൽ ഇന്ന് മുതൽ ഇനി കുട്ടികളുടെ അടുത്ത് കളിക്കുന്നതും ഞാൻ നിർത്തി.. ഇന്ന് ഒരു കുട്ടി കാരണം ആകെ നാണം കെട്ടു

ബസിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു അമ്മയുടെ മടിയിൽ ഇരിക്കുന്ന ചെറിയ കുഞ്ഞ് ഭയങ്കര കരച്ചിൽ.. ഉദ്ദേശം മൂന്നര നാല് വയസ് കാണും…

അവളുടെ അമ്മ കഴിയുന്ന പോലെ പരിശ്രമിക്കുന്നുണ്ട് അവളുടെ കരച്ചിൽ നിർത്താൻ… പക്ഷെ അവൾ വാശിയിലാണ്… എന്ത് തന്നെ പറഞ്ഞിട്ടും കരച്ചിൽ നിർത്തുന്ന ലക്ഷണം ഇല്ല..

എനിക്ക് വേറെ പണിയൊന്നും ഇല്ലാലോ… അപ്പൊ പിന്നെ ആ കരച്ചിൽ നിർത്തിക്കാൻ എന്നെ കൊണ്ട് കഴിയുന്ന വല്ലതും ചെയ്യാം എന്ന് കരുതി…

ആദ്യം കരയല്ലേ.. ആ ചേട്ടൻ പിടിച്ചോണ്ട് പോവും… മിട്ടായി വാങ്ങിതരാം.. ഡ്രൈവർ വണ്ടിയിൽ നിന്നും ഇറക്കി വിടും… കരഞ്ഞാൽ അടി കിട്ടും.. എന്നൊക്കെ പറഞ്ഞു നോക്കി.. ഇല്ല അവൾ കരച്ചിൽ നിർത്തുന്നില്ല…

ഇനി ആകെ ഒരു മാർഗമേ ഉള്ളു.. പേടിപ്പിക്കുക…

ഞാൻ കണ്ണുരുട്ടി നാവും പുറത്തേക്കിട്ടു കൃര് ക്ര്ർ എന്നും ശബ്ദം ഉണ്ടാക്കി അവളുടെ മുഖത്തിന്റെ അടുത്തേക്ക് അടുപ്പിച്ചു..

അവൾ കരച്ചിലിന്റെ ശബ്ദം കുറച്ചൊന്നു താഴ്ത്തി എന്നെ ഒന്നു നോക്കി…സംഗതി ഫലിക്കുന്നുണ്ടെന്ന് തോന്നി.. അടുത്തിരിക്കുന്ന ആളുകൾ എല്ലാം ആശ്ചര്യത്തോടെ നോക്കി ഇരിക്കുന്നുണ്ട്. എന്നാൽ പിന്നെ അവൾ കരച്ചിൽ പൂർണമായി നിർത്തുന്നത് വരെ പേടിപ്പിക്കാം എന്ന് കരുതി..

പെട്ടന്നാണ് അത് സംഭവിച്ചത്… അവൾ കരച്ചിൽ നിർത്തി ഒപ്പം തന്നെ അവളുടെ വലതു കൈ വീശി എന്റെ കാരണകുറ്റി നോക്കി ഒരടി…

കണ്ണിൽ നിന്നും പൊന്നീച്ച പാറി എന്ന് പറയാറില്ലേ.. കുഞ്ഞികൈ ആണെങ്കിലും ശരിക്കും പാറി..

ഞാൻ ഒറ്റക്കാണെങ്കിൽ സഹിക്കാമായിരുന്നു.. ഇത് ഇപ്പോൾ എല്ലാരും കാണുകയും ചെയ്തു… മാത്രവുമല്ല അവൾ നിർത്തി എന്നു കരുതിയ കരച്ചിൽ ഇല്ലേ.. അതിനെയൊക്കെ തോല്പ്പിക്കുമാർ ഉച്ചത്തിൽ വീണ്ടും കരച്ചിൽ തുടങ്ങി അവൾ…

ആകെ നാണം കെട്ടു .. മറ്റു യാത്രകരുടെ മുന്നിൽ.. അവളുടെ അമ്മയുടെ മുന്നിൽ.. തലയിലൂടെ ഇട്ടു മൂടാൻ ഒരു മുണ്ട് കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപ്പോയി..
പിന്നെ ഒന്നും നോക്കിയില്ല.. മൊബൈലും എടുത്ത് കസ്റ്റമർ കെയറിലോട്ടു ഡയൽ ചെയ്തു ‘ഹല്ലോ.. ഹല്ലോ.. പുതിയ വല്ല ഓഫറും ഉണ്ടോ…’ എന്നും ചോദിച്ചു ഞാൻ ഇവിടെ ഒന്നും അല്ലേ.. എന്നും പറഞ്ഞു ഇരിന്നു…

ഇല്ല.. ഇനി മേലാൽ.. അറിയാത്ത പിള്ളേരുടെ അടുത്ത് ഞാൻ കളിക്കില്ല…ഇത് സത്യം സത്യം സത്യം…

NB : ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച എന്റെതന്നെ പോസ്റ്റ്‌..

0 comments: