11.12.2013

ആദ്യ ചുംബനം..

അവള്‍ വാ തോരാതെ സംസാരിച്ചിരിച്ചോണ്ടിരിക്കുകയാണ് ..അവളുടെ സ്വപ്നങ്ങളേ കുറിച്ച്.. അവളുടെ കഴിഞ്ഞുപോയ കഥകളെ കുറിച്ച്....

സംസാരിക്കുമ്പോള്‍ ആ മുഖത്ത് മാറി മറയുന്ന ഭാവങ്ങളും കരിമഷി എഴുതാത്ത ആ കണ്ണിന്‍റെ ഇളക്കങ്ങളും എല്ലാം നോക്കിക്കൊണ്ടിരിക്കുകയാണ് ഞാന്‍.

എന്നെ ഇഷ്ടമാണെന്നു അവൾ തുറന്നു സമ്മതിച്ച ശേഷം ആദ്യമായി കിട്ടിയതാ അവളെ ഇത്രേം അടുത്ത്.ഇന്ന് കാണുമെന്നു ഉറപ്പായപ്പോഴേ കുരുത്തം കേട്ടൊരു കുഞ്ഞു മോഹം ഉള്ളില്‍ കേറീണ്ട്.പറ്റുമെങ്കില്‍ ആ കവിളത്തൊരു മുത്തം കൊടുക്കണം..

ഒന്നിച്ചു നടക്കുമ്പോള്‍ ഒരു തവണ ആരും കാണാത്തിടത്തു വച്ചു ഇത്തിരി നേരം കൈ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ അവള്‍ സമ്മതിച്ചിരുന്നു..,അത് തന്നെ ഒരുപാട് വട്ടം ‘പ്ലീസ്,പ്ലീസ്‌ “ എന്നും പറഞ്ഞു മുഖം വാട്ടി പിന്നാലെ കൂടിയതിനു ശേഷം മാത്രം ....

പക്ഷെ ഇതിപ്പോ അത് പോലെ ആണോ.. എങ്ങനെ ചോദിക്കും? ചിലപ്പോ അത് മതിയാകും ഇത്രേം നാൾ കഷ്ടപ്പെട്ട് അവളോടെ മനസ്സിൽ കേറികൂടിയിടത്ത് നിന്നും ഇറക്കി വിടാൻ..

പക്ഷേ അവളെ ഇത്ര അടുത്ത് ഇങ്ങനെ കാണും തോറും മനസ്സിലെ മോഹത്തിന്‍റെ വലുപ്പം കൂടുന്നേയുള്ളൂ.--

വെള്ളം വറ്റിയ തൊണ്ടയില്‍ തുപ്പലിറക്കിക്കൊണ്ട് ഇടറിയ ശബ്ദത്തിൽ ചോദിച്ചു “ ഞാനൊന്ന് ഉമ്മ വച്ചോട്ടേ.’ അത്രേം നേരം റേഡിയോ തുറന്നുവെച്ച പോലെ വര്‍ത്താനം പറഞ്ഞിരുന്നവൾ പെട്ടെന്ന് സംസാരം നിര്‍ത്തി എന്നെ നോക്കി ,പിന്നെ മെല്ലെ തല താഴ്ത്തി..

സ്റ്റാർട്ടിംഗ് ട്രബ്ൾ മാറിയ ധൈര്യത്തില്‍ വീണ്ടും ചോദിച്ചു... ഇല്ല വേണം എന്നോ വേണ്ടാ എന്നോ പറയാതെചുരിദാര്‍ ഷാളിന്‍റെ അറ്റം കൊണ്ട് ഓല മെടഞ്ഞു താഴോട്ട് നോക്കി ഇരിക്കുന്നു അവള്‍...അവളുടെ മനസ്സില്‍ ഒരു വടംവലി മത്സരം തന്നെ നടക്കുന്നുണ്ടെന്ന് തോന്നുന്നു.




സങ്കടത്തോടെ ആ വടംവലിയും നോക്കിയിരിക്കെ മനസ്സില്‍ ലഡ്ഡു പൊട്ടി...

മൌനം സമ്മതം എന്നാണല്ലോ...അവളാണെങ്കില്‍ മിണ്ടുന്നുമില്ല. .ഇത് തന്നെ അവസരം എന്ന് തോന്നിയപ്പോ തട്ടത്തിൻ മറയത്തിൽ വിനോദ് ആയിഷക്ക് കൊടുത്ത ഉമ്മയും മനസ്സിൽ ധ്യാനിച്ചു പതിയെ മുഖം അവളുടെ കവിളിനോടടുപിച്ചു ഞാന്‍..

ഏതോ റ്റാല്‍കം പൌഡറിന്‍റെ മണത്തോടൊപ്പം അവളുടെ സുഗന്ധം എന്‍റെ മൂക്കിലേക്ക് തിക്കിത്തിരക്കി കയറി വന്നു...

എന്‍റെ ചുണ്ടുകള്‍ അവളുടെ റോസാപ്പൂ പോലെ മൃദുലമായ കവിളില്‍ തൊട്ടു....

തൊട്ടോ? ഇല്ല തൊട്ടില്ല. എന്‍റെ മനസ്സില്‍ പൊട്ടിയ ലഡ്ഡു വെറുതെയാക്കി “അയ്യോ മഴ” എന്നും പറഞ്ഞു ആ പെണ്ണ്‍ അടുത്ത മരച്ചുവട്ടിലേക്ക് അതാ എണീറ്റോടുന്നു.....

ഇതുവരേം ഇല്ലാതിരുന്ന ഈ ഒടുക്കത്തെ പണ്ടാരം മഴ എവ്ടുന്നു വന്നു പടച്ചോനെ എന്ന് ആത്മഗതിക്കുമ്പോഴേയ്ക്കും പിന്നില്‍ നിന്ന് വിളികേട്ടു.."ടാ ആശ്കറേ..."

പടച്ചോനെ... ഉമ്മ! ഉമ്മ എങ്ങനെ ഇവിടെത്തി..... ഉമ്മയെന്താ ആകാശത്ത് നിക്കണ്!!!

"കണ്ണും മിഴിച്ചു കേടക്കാണ്ടേ നീച്ചോ ഇയ്യവിടുന്നു.. അതാ അനക്ക് നല്ലത് ..ഇല്ലെങ്കില് ഇന്ജീം വെള്ളം പാരും ഞാന്‍.."

ചാടി എണീറ്റു ഞാന്‍... ഉമ്മ ദാ നിക്കുന്നു നേരെ മുന്നില്‍, കൈയ്യില്‍ ഒരു പാത്രം വെള്ളവുമുണ്ട്.അപ്പൊ ഇതായിരുന്നൂലെ ആ ഒടുക്കത്തെ മഴ..

ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു എനിക്ക്.... ഇത്ത്രേം നേരം ഞാന്‍ സ്വപനം കാണുകയായിരുന്നോ...അയ്യേ...

ഈ ഉറക്കത്തില്‍ സ്വപ്നം കാണുന്ന ഏർപ്പാട് ആരാ കണ്ടുപിടിച്ചതാവോ... ഒരു ഉപകാരവും ഇല്ലന്നെ.. മനുഷ്യനെ ചുമ്മാ കൊതിപ്പിക്കാന്‍...

2 comments:

അശ്വതി അജിത്‌ said...

"ഈ ഉറക്കത്തില്‍ സ്വപ്നം കാണുന്ന ഏർപ്പാട് ആരാ കണ്ടുപിടിച്ചതാവോ... ഒരു ഉപകാരവും ഇല്ലന്നെ.. മനുഷ്യനെ ചുമ്മാ കൊതിപ്പിക്കാന്‍..."

ഹഹഹ കിടിലൻ... നല്ല എഴുത്ത്

Unknown said...

നന്ദി.. :P :)