10.29.2013

കൈപേറിയ അനുഭവങ്ങൾ

രണ്ടു പോലീസുകാരോട് അറിയാവുന്ന മലയാളത്തിൽ എന്തൊക്കെയോ പറയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അയാളെ കണ്ടപ്പോൾ എനിക്ക് എന്താണെന്നു അറിയാൻ ഒരു ആഗ്രഹം..

പ്രായം ഏകദേശം 55 കഴിഞ്ഞ അയാളുടെ പേര് വിശ്വനാഥൻ... സ്ഥലം ചെന്നൈ ആണ്.. ഒരു ബിസിനസ്‌ ആവശ്യാർത്ഥം കോഴിക്കോട് വന്നതാണ്‌ ....



ബസ്‌ ഇറങ്ങിയ നേരത്തെ ഒരു നിമിഷത്തെ അശ്രദ്ധ കാരണം അയാളുടെചില പ്രധാന രേഖകളും വസ്ത്രങ്ങളും അടങ്ങിയ ബാഗ്‌ ആരോ മോഷ്ടിച്ചത്രേ..

പോലീസുകാരുടെ അടുത്ത് സഹായത്തിനു വേണ്ടി കേണപേക്ഷിക്കുമ്പോൾ കണ്ണിൽ നിന്നു കണ്ണീരും കഷണ്ടി തലയിൽ നിന്നു വിയർപ്പും അനിയന്ത്രിതമായി ഒഴുക്കുന്നതു എനിക്ക് വ്യക്തമായി കാണാം...

പക്ഷെ പോലീസുകാരുടെ പ്രതികരണം ഞാൻ വിചാരിച്ച പോലെ തന്നെ ആയിരുന്നു.. സ്വയം ബാഗ്‌ സൂക്ഷിക്കാത്തതിനു അയാളെ കുറെ തെറി പറഞ്ഞു.. ശേഷം ബാഗ്‌ കണ്ടു കിട്ടിയാൽ അറിയിക്കാം കേസ് എടുക്കാൻ കഴിയില്ല എന്നും പറഞ്ഞു അവരെ മടക്കി...

എനിക്കറിയാവുന്ന തമിൾ വെച്ച് ഞാൻ അവരെ ആശ്വസിപ്പിച്ചു തിരിച്ചയച്ചു..

മൂന്ന് മാസം മുമ്പേ ഇതേ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്.. അയാൾ അനുഭവിച്ച വേദന അല്ലെങ്കിൽ അതിന്‍റെ എത്രയോ മടങ്ങ്‌ ഞാൻ അനുഭവിച്ചതാണ്‌ അന്ന്...

കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്ര മദ്ധ്യേ സീറ്റിനു താഴെ വെച്ചിരുന്ന എന്‍റെ ബാഗ്‌ എടുക്കാൻ നോക്കിയപ്പോഴാണ് അത് മിസ്സ്‌ ആയ സത്യം ഞാൻ അറിഞ്ഞത്...

കണ്ണിൽ ഇരുട്ട് കയറി... ആറ്റുനോറ്റ് വാങ്ങിയ വിലപിടിപ്പുള്ള ക്യാമറയും എന്‍റെ പ്രിയപ്പെട്ട ലാപ്ടോപ്പും പിന്നെ എല്ലാ വസ്ത്രങ്ങളും ആ ബാഗിൽ ആണ്..

സമയം നോക്കിയപ്പോൾ 2 30 AM... ബസ്‌ ജീവനക്കാരോട് പറഞ്ഞപ്പോൾ അവർ പോലീസിൽ കേസ് കൊടുക്കാൻ പറഞ്ഞു.....അവർ തന്ന ഒരു 100 രൂപയും വാങ്ങി ഞാൻ അവിടെ ഇറങ്ങി... ഇടപള്ളിയാണ് സ്ഥലം...

വല്ലാത്തൊരു അവസ്ഥയായിരുന്നു... കൈയ്യിൽ മൊബൈൽ മാത്രം... രാത്രി ശരിക്ക് ഉറങ്ങാൻ വേണ്ടി പേഴ്സ് എടുത്ത് ബാഗിൽ വെച്ചിരുന്നു.. അതും പോയി..

പിന്നീട് അങ്ങോട്ട്‌ എറണാകുളത്തുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും കയറി ഇറങ്ങി... ഇടപ്പള്ളി,നോർത്ത്‌,പാലാരിവട്ടം, കളമശ്ശേരി തുടങ്ങി അഞ്ചു പോലീസ് സ്റ്റേഷനുകളിൽ..എല്ലാവരും പറഞ്ഞത് ഒന്ന് മാത്രം..

അവരുടെ സ്റ്റേഷൻ പരിധിയിൽ നിന്നാണ് ബാഗ്‌ പോയത് എന്നതിന് എവിടെ തളിവ്.!! ബസിൽ ഉറങ്ങുമ്പോൾ ബാഗ്‌ മടിയിൽ വെച്ച് ഉറങ്ങരുതായിരുന്നോ ??? അവസാനം കളമശ്ശേരി പോലീസ് പേരിനു കേസ് രജിസ്റ്റർ ചെയ്തു...

പിന്നെ നേരം വെളുക്കുന്നത്‌ വരെ ഒറ്റയ്ക്ക് ടൌണിൽ ചുമ്മാ അന്തം വിട്ടു നിന്ന്‌.. നല്ല മഴയും ഇടിയും.... എന്നാലും വിയർത്തൊലിചു കൊണ്ടിരുന്നു... കുറച്ചു നേരം കരഞ്ഞു...

അത് ഒരു വല്ലാത്ത ഒരവസ്ഥയാണ്..

നേരം വെളുത്തതിന് ശേഷം ഉമ്മയെ വിളിച്ചു.. നിനക്കെന്തെങ്കിലും പറ്റിയോ..? ഇല്ലാലൊ..? എങ്കിൽ പോയത് പോകട്ടെ... എന്ന ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ മാത്രമാണ് ഞാൻ ആ അവസ്ഥയുമായി പൊരുത്തപ്പെട്ടതു...

ക്ഷണ നേരം കൊണ്ട് അന്യന്‍റെ ജീവനും പെണ്ണിന്‍റെ മാനവും അപഹരിക്കുന്ന ഇക്കാലത്ത് എനിക്കും അയാൾക്കും സംഭവിച്ചതെല്ലാം വളരെ നിസാരമെങ്കിലും മനസ്സിനൊരു വേദനയാണ് ഇത് പോലുള്ളവ കാണുമ്പോഴും അനുഭവിക്കുമ്പോഴും .......

ഒരു കാര്യം..... നമ്മുടെ വിലപിടിപ്പുള്ള വസ്തുകൾ എവിടെ പോകുമ്പോഴും നമ്മൾ തന്നെ സൂക്ഷിക്കുക.. കളഞ്ഞു പോയാൽ ഒരുപക്ഷെ ആരും തന്നെ ഉണ്ടാകണമെന്നില്ല ഒരു കൈ സഹായിക്കാൻ....

10.24.2013

സദാചാര കാവല്‍ ഭടന്മാര്‍....




ആറ്റുനോറ്റ് കിട്ടിയ നിമിഷങ്ങള്‍
തോളില്‍ തലചായ്ച്ചു എന്‍ പ്രിയ സഖി
ഇത്തിരി സ്വപ്നങ്ങള്‍ നെയ്തു കൂട്ടാന്‍ ഒരു മരതണല്‍...

ചാടി വീഴുന്നു ചിലര്‍
പുതു ഇരകളെ കിട്ടിയപോല്‍

ആര്‍ത്തിയുടെ ഇടകണ്ണിനാല്‍
അവളുടെ മേനിയെ നോക്കി നാവും
നുണച്ചുകൊണ്ടവര്‍
ഉച്ചത്തില്‍ പറഞ്ഞു പഠിപ്പിക്കുന്നു സദാചാര
മൂല്യങ്ങള്‍..

നല്ലവരാണവര്‍, വഴി പിഴയ്ക്കാതെ രക്ഷിച്ചവര്‍
ഇനി ആ നന്മയുടെ സാക്ഷ്യപത്രം വേണം
സദാചാരത്തിന്‍റെ മൂല്യം ഗാന്ധിതലകളില്‍ വാങ്ങി
പിന്‍വാങ്ങുന്നു ആ കാവല്‍ ഭടന്മാര്‍....

10.21.2013

സദാചാരം

ബസ്സില്‍ “ഷട്ടറിന്‍റെ. രണ്ടു ക്ലിപും ഇടുക” എന്നെഴുതിയ സീറ്റില്‍ ഒരു ക്ലിപ്പ് മാത്രം ഇട്ടു യാത്ര ചെയ്യുന്ന ആളുകളെ കാണുമ്പോഴെല്ലാം എനിക്ക് ദേഷ്യം വരും..

ഈ മലയാളികള്‍ ഇങ്ങനെതന്നെയാണു.... ഇവിടെ മൂത്രം ഒഴികരുത് എന്ന് പറഞ്ഞാല്‍ അവിടെ ഒഴിക്കു.. ഇവിടെ തുപ്പരുത് എന്ന് പറഞ്ഞാല്‍ അവിടെ തുപ്പൂ.. രണ്ടു ക്ലിപ്പും ഇടണം എന്ന് പറഞ്ഞാല്‍ ഒന്നേ ഇടൂ.. എന്നൊക്കെ മനസ്സില്‍ കരുതും ഞാന്‍..

അവസരം കിട്ടുമ്പോള്‍ ഇവരെ കുറിച്ച് ഒരു പോസ്റ്റ്‌ എഴുതി പോസ്റ്റാന്‍ നടക്കായിരുന്നു ഞാന്‍....

ഇന്ന് ബസില്‍ കയറിയപ്പോള്‍ ഇതുപോലെ ഒരു ക്ലിപ്പ് മാത്രം ഇട്ട ഒരു സീറ്റ്‌ കണ്ടു.. ആഹ... എന്നാല്‍ പിന്നെ അവിടെ തന്നെ പോയി ഇരിക്കാം എന്നിട്ട് രണ്ടു ക്ലിപ്പും ഇടാം.... എന്നാല്‍ പിന്നെ ധൈര്യമായി പോസ്റ്റ്‌ എഴുതാലോ എന്നും കരുതി അവിടെപോയി ഇരുന്നു ഞാന്‍..

എന്നിട്ട് ഷട്ടര്‍ പൊക്കി രണ്ടാമത്തെ ക്ലിപ്പ് ഇടാന്‍ നോക്കിയപ്പോള്‍ അത് എത്രയായിട്ടും കുടുങ്ങുന്നില്ല.. ഞാന്‍ പിന്നെയും ശ്രമിച്ചു.. നോ രക്ഷ... ക്ലിപ്പിനു എന്തോ കേടുപ്പറ്റിയാതാണെന്ന് മനസ്സിലായി...ആകെ നാണം കെട്ടു..

ഇത്ര നാള്‍ ഞാന്‍ എന്നെ പോലെ ശ്രമിച്ചിട്ടും പരാജയപെട്ടവരെ ആണെങ്കിലോ മനസ്സില്‍ ചീത്ത പറഞ്ഞിട്ടുണ്ടാവുക എന്ന് ആലോചിച്ചുപ്പോയി ഞാന്‍...

ഏതായാലും ഒരു കാര്യം മനസ്സിലായി... കാണുമ്പോഴേക്കും അങ്ങ് കുറ്റംചുമത്തി കളയരുത്...പിന്നില്‍ എന്തെങ്കിലും കാരണമുണ്ടാവാം എന്ന്...

10.19.2013

ഒരു ജന്മമകലം നീയെനിക്കെന്നാകിലും ...



ഇരു വിരല്‍ തുമ്പാല്‍
കോര്‍ത്തു പിടിച്ചോരീ നിമിഷങ്ങള്‍
ജന്മങ്ങളാക്കി കൊതിച്ചിടാം...

മറു ജന്മം ഞാന്‍ നിനക്കെന്നു പരസ്പരം വാക്കിനാല്‍
ആശതന്‍ ജലരേഖകള്‍ വരച്ചിടാം...

പൊഴിയുന്ന പൂക്കളില്‍ മെല്ലെ ചവിട്ടി നാം
ഒരു നാളില്‍ വിരഹത്തിന്‍ വഴിയെ നടന്നിടും

ഒരു ജന്മമകലം നീയെനിക്കെന്നാകിലും
ഒരു ശ്വാസദൂരം അരികില്‍ നീ ഈ നിമിഷം....

10.12.2013

ഒരു ട്രെയിൻ യാത്രാ അനുഭവം....

മിക്കപ്പോഴും നമ്മള്‍ സ്വയം നന്നാവാതെ ആണ് മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കാറു... ഇതാ ഇതു പോലെ.... എന്‍റെ ഒരു ചെറിയ യാത്ര അനുഭവം നോക്കുക...

ട്രെയിനില്‍ വിന്‍ഡോസ്‌ സീറ്റില്‍ ഇരുന്നുകൊണ്ട് ചുമ്മാ പുറം കാഴ്ചകള്‍ കണ്ടു മടുത്തപ്പോള്‍ ഞാന്‍ വെറുതെ എന്‍റെ മുന്‍ സീറ്റില്‍ ഇരിക്കുന്നവരുടെ അടുത്തേക്ക് കണ്ണുകള്‍ പായിച്ചു...

എന്‍റെ നേരെ ഒരു യുവാവും അദ്ധേഹത്തിന്‍റെ ഭാര്യയും ഇരിക്കുന്നുണ്ട്.... ചുമ്മാ അവര്‍ അറിയാതെ അവരെ തന്നെ നോക്കിയിരുന്നപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് ആ യുവതി അയാളോട് ചെറിയ ശബ്ദത്തില്‍ ദേഷ്യം പിടിക്കുകയും അയാളെ പിച്ചുകയും ചെയ്യുന്നു...

കുറച്ചു കഴിഞപ്പോഴാണ് കാരണം പിടികിട്ടിയത്.. ആ പാവം മനുഷ്യന്‍ ഉറങ്ങുമ്പോള്‍ വായ തുറന്നിട്ടാണ് ഉറങ്ങുന്നത്.. അതു കാണുമ്പോള്‍ ഭാര്യക്കു ദേഷ്യം വരും അയാളെ പിച്ചി എണീപ്പിക്കും എന്നിട്ട് വായ പൂട്ടി ഉറങ്ങാന്‍ പറയുന്നു.. അയാള്‍ ശരി ഇനി തുറക്കില്ല എന്നും വാക്ക്‌ കൊടുത്തു ഉറങ്ങും.. പക്ഷെ പിന്നെയും തഥൈവ... ഇതാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതു...

കാണാന്‍ നല്ല രസം..

പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യയും ഉറങ്ങി... അപ്പോള്‍ അവരുടെ വായ ആ പാവം മനുഷ്യന്‍റെ വായ തുറന്നതിനെക്കാള്‍ രണ്ടിരട്ടി വലുപ്പത്തില്‍ തുറന്നിരുന്നു...

ഇടയ്ക്കെപ്പോഴോ ഉറക്കമുണര്‍ന്ന അയാള്‍ വായും തുറന്നു ഉറങ്ങുന്ന അവളെ നോക്കി ഒരു ചെറു ചിരിയും ചിരിച്ചു വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു..

..............................

NB : നല്ല കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി വായനോക്കുന്നതില്‍ തെറ്റില്ല..

10.10.2013

ഇന്നത്തെ തുടക്കം ഗംഭീരം..

ഇന്നു രാവിലെ ചായ കുടിക്കാൻ വേണ്ടി എന്നും പോവാറുള്ള കടയിൽ നിന്നും ഒരു ചേഞ്ച്‌ ആവട്ടെ എന്നു കരുതി ഓഫീസിനോട് കുറച്ചു മാറി നില്കുന്ന ഒരു ചെറിയ കടയിൽ ചെന്നു...


രണ്ടു അപ്പൂപ്പന്മാർ ആണ് ആ കട നടത്തുന്നതു... ഗ്യാസ് ഉപയോഗിക്കുന്നതിനു പകരം വിറകു അടുപ്പ് ആണ് അവർ ഇപ്പോഴും ഉപയോഗിക്കുന്നെത്...

പുട്ടും ഓർഡർ ചെയ്തു കാത്തിരുന്നു...
കുറച്ചു കഴിഞ്ഞപ്പോൾ അവർ പുട്ടും പപ്പടവും കൂടെ രണ്ടു മൈസൂര് പഴവും കൊണ്ട് വരുന്നു..!!

കറിക്കു പകരം പഴം ആണത്രേ അവിടത്തെ വിഭവം..

ഹോ.. പിന്നെ ഒന്നും നോക്കിയില്ല... പുട്ടും പഴവും പപ്പടവും പഞ്ചസാരയും കൂട്ടി കുഴച്ചു പ്ലിം പ്ലിം എന്നാക്കി അടിച്ചങ്ങ്‌ കേറ്റി .. കൂടെ ഒരു ഗ്ലാസ്‌ ചായയും....

അവസാനം ബില്ല്എത്രയായി എന്ന് ചോദിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത് ..വെറും 20 രൂപ.. !!

ഏതായാലും ഇന്നത്തെ തുടക്കം ഗംഭീരം..

10.05.2013

ഔട്ട്‌ സാറ്റ്... ഔട്ട്‌ സാറ്റ്... !!!



പണ്ട് നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം.. ആഴ്ചയില്‍ ഒരിക്കല്‍ PT പീരീഡ്‌ ആയിരിക്കും.. കളിക്കാനുള്ള സമയം..

ആ ദിവസം എല്ലാവരും കൂടെ ഗ്രൂപ്പ്‌ ആയിട്ടും അല്ലാതെയും പല തരത്തില്‍ ഉള്ള കളികള്‍ കളിക്കും.. ഒരു ദിവസം എല്ലാവരും കൂടെ ഫുട്ബോള്‍ കളിക്കാന്‍ തീരുമാനമായി..

എല്ലാവരും ചേർന്ന് രണ്ടു ടീം എല്ലാം തട്ടിക്കൂട്ടി.. മത്സരം തുടങ്ങി.. ഫുട്ബോള്‍ കളിയെ കുറിച്ചു കേട്ടിട്ടുണ്ട് എങ്കിലും മത്സരത്തിന്റെ നിയമമോ രീതിയോ ഒന്നും എനിക്ക് അറിയില്ലായിരുന്നു....

കുറെ നേരം പന്തിന്റെ പിന്നാലെ ഓടി നോക്കി.. നോ രക്ഷ.. കിട്ടുന്നില്ല.. എന്നാലും ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു..

അപ്പോഴാണ് എതിര്‍ ടീമിലെ ഗോളി ബോള് പൊക്കി അടിച്ചത്... അതു ഉയര്ന്നു പൊങ്ങി... നോക്കുമ്പോള്‍ അതു എന്റെയ നേരെയാണ് വരുന്നത്...

ചുറ്റും നോക്കി...അടുത്തെങ്ങും ആരും ഇല്ല... പിന്നെ ഒന്നും നോക്കിയില്ല... ഒറ്റ ചാട്ടത്തിനു ബോള്‍ കൈ പിടിയില്‍ ഒതുക്കി.... എന്നിട്ട് വിജയഭാവത്തില്‍ ക്രിക്കറ്റില്‍ വികെറ്റ് കീപ്പര്‍ അപ്പീല്‍ വിളിക്കുന്ന പോലെ വിളിച്ചു പറഞ്ഞു...

ഔട്ട്‌ സാറ്റ്... ഔട്ട്‌ സാറ്റ്... !!! (മുതിര്ന്നിപ്പോള്‍ ആണ് മനസ്സിലായത് അത് ‘ഹൌ ഈസ്‌ ദാറ്റ്‌’ എന്നു അര്‍ത്ഥം വരുന്ന ‘Howzat’ എന്നാണ് എന്നു) കുറച്ചു നേരം ആരും ഒന്നും പറയുന്നില്ല...

എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു... എന്നിട്ട് പെട്ടന്ന് നാലു ഭാഗത്ത്‌ നിന്നും എല്ലാരും കൂടെ ഒരു ടീം എന്ന പോലെ എന്റെന നേരെ ഓടി വരുന്നു... നമ്മള്‍ കാണാറില്ലേ നാഷണല്‍ ജീയോഗ്രഫി ചാനലില്‍ സിംഹകൂട്ടം ഇരയെ പിടിക്കാന്‍ വരുന്നത് ? അതുപോലെതന്നെ..

അപ്പോഴാണ് ഞാന്‍ ചെയ്തതില്‍ എന്തോ തെറ്റുണ്ടെന്ന് എനിക്ക് ബോദ്ധ്യമായത്... പിന്നെ ഒന്നും നോക്കിയില്ല... ഗ്രൗണ്ടില്‍ നിന്നും ഓടി രക്ഷപെട്ടു.. ഹും എന്നോടാ കളി..

ഇപ്പോഴും ഫുട്ബോള്‍ എന്നു കേൾക്കുമ്പോൾ അന്ന് ഞാന്‍ കളിച്ച ആ നാലാം ക്ലാസ്സിലെ കളിയാണ് എനിക്ക് ഓർമ്മ വരാറ...