11.27.2013

ഫേസ്ബുക്ക്‌ എന്നേം കൊണ്ടേ പോവൂ എന്നാ തോന്നുന്നേ..


മിക്ക കമ്പനികളും ഇപ്പൊ ഉദ്യോഗാര്ത്ഥികളെ ജോലിക്കെടുക്കുമ്പോൾ അവരുടെ പഠനത്തിനു പുറമേ ഫേസ്ബുക്കും പരിശോധിക്കാറുണ്ട്.. പ്രത്യേകിച്ച് IT കമ്പനികൾ..

ഫേസ്ബുക്ക്‌ ഇല്ലാ എന്ന് പറഞ്ഞാൽ അയ്യേ ഇവനെ ഒന്നിനും കൊള്ളില്ല... കാലത്തിനൊത്ത് നീങ്ങാത്തവൻ ആണ് ഇവൻ എന്നും പറഞ്ഞു HR മാനേജർ പണി തരും ....



ഇനി ഉണ്ട് എന്നും പറഞ്ഞു കാണിച്ചു കൊടുത്താലോ നമ്മെ പോലെ കണ്ണിൽ കണ്ടത് മൊത്തം എഴുതികൂട്ടുന്ന വല്ല പാവവും ആണെങ്കിൽ പറയുകയും വേണ്ട... ഇവൻ 24 മണിക്കൂറും ഫേസ്ബുക്കിൽ ആണെല്ലോ എന്നും പറഞ്ഞു ഓടിച്ചു വിടും...

അതുകൊണ്ട് വരുന്നിടത്ത് വച്ച് കാണാം എന്നും പറഞ്ഞാണ് ഞാൻ കുറച്ചു കാലമായി എഴുതാറു..

പക്ഷെ ഇപ്പൊ പ്രതീക്ഷികാതെ മറ്റൊരു എട്ടിന്‍റെ പണിയാണ് എനിക്ക് കിട്ടികൊണ്ടിരിക്കുന്നത്...

"ജീവിതത്തിൽ സന്തോഷം മാത്രം മതിയോ" എന്ന കുടുംബക്കാരുടെയും കൂട്ടുകാരുടെയും നിരന്തരമുള്ള ചോദ്യം കേട്ട് മടുത്തത് കൊണ്ട് ഇനിയുള്ള ജീവിതകാലം മൊത്തം എന്നോട് അടികൂടി കുറച്ച് സങ്കടം കൂടെ തരാൻ പറ്റിയ ഒരുത്തിയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ആണ് ഞാനിപ്പോൾ...

ആരോ പറഞ്ഞു കേട്ട് രണ്ടു ദിവസം മുമ്പ് ഒരു പെണ്കുട്ടിയുടെ ഉപ്പ വിളിച്ചിരുന്നു എന്നെ.. പ്രവാസിയാണ് അദ്ദേഹം... ആശ്കർ അല്ലെ?? എന്ത് ചെയ്യുന്നു ?? വീട്ടിൽ ആരൊക്കെയുണ്ട് എന്നെല്ലാം ചോദിച്ചു അതിനെല്ലാം നല്ല മറുപടിയും കൊടുത്ത് അദ്ധേഹത്തെ കയ്യിൽ എടുത്തുകൊണ്ടിരിക്കെയാണ് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ചോദ്യം വന്നത്..

“മോന്‍റെ ഫേസ്ബുക്ക്‌ ലിങ്ക് ഒന്ന് തരാമോ” എന്ന്.. !!!

എന്ത് ചെയ്യാനാ.. ലിങ്ക് കൊടുത്താൽ പണികിട്ടും എന്നുറപ്പാണ്.. അമ്മാതിരി ചളിയല്ലേ എഴുതികൂട്ടുന്നത്.. പറഞ്ഞു കൊടുക്കാതിരിക്കാനും പറ്റില്ല... രണ്ടും കൽപിച്ചു പറഞ്ഞു കൊടുത്തു.. എന്നാ ശരി മോനെ ഞാൻ വിളിക്കാം എന്നും പറഞ്ഞു അദ്ദേഹം ഫോണ്‍ കട്ട്‌ ചെയ്തു..

പ്രതീക്ഷിച്ചപോലെ തന്നെ സംഭവിച്ചു എന്നാ തോന്നുന്നേ.. പിന്നെ വിളിക്കാം എന്നും പറഞ്ഞു ഫോണ്‍ വച്ചതാ.. ഒരു അഡ്രസ്സും ഇല്ല ഇപ്പൊ...

ഈ പെണ്‍കുട്ട്യോളുടെ ഉപ്പമാർ എല്ലാരും കൂടെ ഫേസ്ബുക്ക്‌ പഠിക്കാൻ തുടങ്ങിയാൽ ഫേസ്ബുക്കിലേ ബാച്ചിലേര്‍സിന്‍റെ കാര്യം കഷ്ടത്തിലാകുമല്ലോ..

ഇങ്ങനെ പോയാൽ ഞാൻ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യും.. പറഞ്ഞേക്കാം... ഫേസ്ബുക്കിൽ പിന്നേം അക്കൗണ്ട്‌ തുടങ്ങി എഴുതി ഫ്രണ്ട്സിനെ കൂട്ടാം.. ഈ പ്രായത്തിൽ കല്യാണം നടന്നില്ലെങ്കിൽ പിന്നെ മാർകറ്റ്‌ ഉണ്ടാവൂലാ എന്നാ കുടുംബക്കാരും നാട്ടാരും പറയണത്..

11.16.2013

മണ്ഡലകാലം ഓർമ്മകൾ


എല്ലാ മണ്ഡലകാലം വരുമ്പോഴും എനിക്ക് ഓർമ്മവരാറു ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്‍റെ അയൽവാസിയായ തങ്കപ്പൻ ചേട്ടൻ കറുത്ത മുണ്ടും മാലയും ധരിച്ചു ശരണം വിളികളുമായി മലയിൽ പോയതും തിരിച്ചു വന്നപ്പോൾ കൊണ്ട് വന്ന പൊരിയും അരവണ പായസവും ആണ്...

അന്ന് കുറെ ആളുകൾ വന്നു 'സ്വാമിയേ അയ്യപ്പോ... അയ്യപ്പോ സ്വാമിയേ ' എന്നുറക്കെ വിളിച്ചുകൊണ്ട് തങ്കപ്പൻ ചേട്ടനെ കൊണ്ട് പോവുമ്പോ ഞാൻ മനസ്സിലാക്കിയ രണ്ടു മണ്ടത്തരങ്ങൾ ഉണ്ടായിരുന്നു...

ഒന്ന് : തങ്കപ്പൻ ചേട്ടന്‍റെ ശരിക്കുള്ള പേര് അയ്യപ്പൻ എന്നാകുന്നു...

രണ്ട് : ശബരിമലക്ക് പോവുന്ന ആളുടെ പേര് ആണ് അവർ ഉറക്കെ വിളിക്കുന്നത്‌.. അടുത്ത പ്രാവശ്യം തങ്കപ്പൻ ചേട്ടന്‍റെ അനിയൻ വേലായുധൻ ചേട്ടൻ മലക്ക് പോവുമ്പോ അവർ
''സ്വാമിയേ വേലായുധോ'' എന്ന് വിളിക്കുമായിരിക്കും....

അത് രണ്ടും തെറ്റാണു എന്ന് മനസ്സിലാക്കാൻ അടുത്ത പ്രാവശ്യം വേലായുധൻ ചേട്ടൻ മലക്ക് പോവുന്നത് വരെ കാത്തിരിക്കേണ്ടി വന്നു എനിക്ക്..

ഇന്ന് വൃശ്ചികം ഒന്ന്... മല കയറാൻ ഉദ്ദേശിച്ചു വ്രതമെടുത്ത് തുടങ്ങിയ എല്ലാ കൂട്ടുകാർകും ആശംസകൾ...


11.12.2013

ആദ്യ ചുംബനം..

അവള്‍ വാ തോരാതെ സംസാരിച്ചിരിച്ചോണ്ടിരിക്കുകയാണ് ..അവളുടെ സ്വപ്നങ്ങളേ കുറിച്ച്.. അവളുടെ കഴിഞ്ഞുപോയ കഥകളെ കുറിച്ച്....

സംസാരിക്കുമ്പോള്‍ ആ മുഖത്ത് മാറി മറയുന്ന ഭാവങ്ങളും കരിമഷി എഴുതാത്ത ആ കണ്ണിന്‍റെ ഇളക്കങ്ങളും എല്ലാം നോക്കിക്കൊണ്ടിരിക്കുകയാണ് ഞാന്‍.

എന്നെ ഇഷ്ടമാണെന്നു അവൾ തുറന്നു സമ്മതിച്ച ശേഷം ആദ്യമായി കിട്ടിയതാ അവളെ ഇത്രേം അടുത്ത്.ഇന്ന് കാണുമെന്നു ഉറപ്പായപ്പോഴേ കുരുത്തം കേട്ടൊരു കുഞ്ഞു മോഹം ഉള്ളില്‍ കേറീണ്ട്.പറ്റുമെങ്കില്‍ ആ കവിളത്തൊരു മുത്തം കൊടുക്കണം..

ഒന്നിച്ചു നടക്കുമ്പോള്‍ ഒരു തവണ ആരും കാണാത്തിടത്തു വച്ചു ഇത്തിരി നേരം കൈ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ അവള്‍ സമ്മതിച്ചിരുന്നു..,അത് തന്നെ ഒരുപാട് വട്ടം ‘പ്ലീസ്,പ്ലീസ്‌ “ എന്നും പറഞ്ഞു മുഖം വാട്ടി പിന്നാലെ കൂടിയതിനു ശേഷം മാത്രം ....

പക്ഷെ ഇതിപ്പോ അത് പോലെ ആണോ.. എങ്ങനെ ചോദിക്കും? ചിലപ്പോ അത് മതിയാകും ഇത്രേം നാൾ കഷ്ടപ്പെട്ട് അവളോടെ മനസ്സിൽ കേറികൂടിയിടത്ത് നിന്നും ഇറക്കി വിടാൻ..

പക്ഷേ അവളെ ഇത്ര അടുത്ത് ഇങ്ങനെ കാണും തോറും മനസ്സിലെ മോഹത്തിന്‍റെ വലുപ്പം കൂടുന്നേയുള്ളൂ.--

വെള്ളം വറ്റിയ തൊണ്ടയില്‍ തുപ്പലിറക്കിക്കൊണ്ട് ഇടറിയ ശബ്ദത്തിൽ ചോദിച്ചു “ ഞാനൊന്ന് ഉമ്മ വച്ചോട്ടേ.’ അത്രേം നേരം റേഡിയോ തുറന്നുവെച്ച പോലെ വര്‍ത്താനം പറഞ്ഞിരുന്നവൾ പെട്ടെന്ന് സംസാരം നിര്‍ത്തി എന്നെ നോക്കി ,പിന്നെ മെല്ലെ തല താഴ്ത്തി..

സ്റ്റാർട്ടിംഗ് ട്രബ്ൾ മാറിയ ധൈര്യത്തില്‍ വീണ്ടും ചോദിച്ചു... ഇല്ല വേണം എന്നോ വേണ്ടാ എന്നോ പറയാതെചുരിദാര്‍ ഷാളിന്‍റെ അറ്റം കൊണ്ട് ഓല മെടഞ്ഞു താഴോട്ട് നോക്കി ഇരിക്കുന്നു അവള്‍...അവളുടെ മനസ്സില്‍ ഒരു വടംവലി മത്സരം തന്നെ നടക്കുന്നുണ്ടെന്ന് തോന്നുന്നു.




സങ്കടത്തോടെ ആ വടംവലിയും നോക്കിയിരിക്കെ മനസ്സില്‍ ലഡ്ഡു പൊട്ടി...

മൌനം സമ്മതം എന്നാണല്ലോ...അവളാണെങ്കില്‍ മിണ്ടുന്നുമില്ല. .ഇത് തന്നെ അവസരം എന്ന് തോന്നിയപ്പോ തട്ടത്തിൻ മറയത്തിൽ വിനോദ് ആയിഷക്ക് കൊടുത്ത ഉമ്മയും മനസ്സിൽ ധ്യാനിച്ചു പതിയെ മുഖം അവളുടെ കവിളിനോടടുപിച്ചു ഞാന്‍..

ഏതോ റ്റാല്‍കം പൌഡറിന്‍റെ മണത്തോടൊപ്പം അവളുടെ സുഗന്ധം എന്‍റെ മൂക്കിലേക്ക് തിക്കിത്തിരക്കി കയറി വന്നു...

എന്‍റെ ചുണ്ടുകള്‍ അവളുടെ റോസാപ്പൂ പോലെ മൃദുലമായ കവിളില്‍ തൊട്ടു....

തൊട്ടോ? ഇല്ല തൊട്ടില്ല. എന്‍റെ മനസ്സില്‍ പൊട്ടിയ ലഡ്ഡു വെറുതെയാക്കി “അയ്യോ മഴ” എന്നും പറഞ്ഞു ആ പെണ്ണ്‍ അടുത്ത മരച്ചുവട്ടിലേക്ക് അതാ എണീറ്റോടുന്നു.....

ഇതുവരേം ഇല്ലാതിരുന്ന ഈ ഒടുക്കത്തെ പണ്ടാരം മഴ എവ്ടുന്നു വന്നു പടച്ചോനെ എന്ന് ആത്മഗതിക്കുമ്പോഴേയ്ക്കും പിന്നില്‍ നിന്ന് വിളികേട്ടു.."ടാ ആശ്കറേ..."

പടച്ചോനെ... ഉമ്മ! ഉമ്മ എങ്ങനെ ഇവിടെത്തി..... ഉമ്മയെന്താ ആകാശത്ത് നിക്കണ്!!!

"കണ്ണും മിഴിച്ചു കേടക്കാണ്ടേ നീച്ചോ ഇയ്യവിടുന്നു.. അതാ അനക്ക് നല്ലത് ..ഇല്ലെങ്കില് ഇന്ജീം വെള്ളം പാരും ഞാന്‍.."

ചാടി എണീറ്റു ഞാന്‍... ഉമ്മ ദാ നിക്കുന്നു നേരെ മുന്നില്‍, കൈയ്യില്‍ ഒരു പാത്രം വെള്ളവുമുണ്ട്.അപ്പൊ ഇതായിരുന്നൂലെ ആ ഒടുക്കത്തെ മഴ..

ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു എനിക്ക്.... ഇത്ത്രേം നേരം ഞാന്‍ സ്വപനം കാണുകയായിരുന്നോ...അയ്യേ...

ഈ ഉറക്കത്തില്‍ സ്വപ്നം കാണുന്ന ഏർപ്പാട് ആരാ കണ്ടുപിടിച്ചതാവോ... ഒരു ഉപകാരവും ഇല്ലന്നെ.. മനുഷ്യനെ ചുമ്മാ കൊതിപ്പിക്കാന്‍...

11.06.2013

എബൌട്ട്‌ മി...





സ്നേഹത്തിന്‍റെ ചൂടുള്ള ആ ഇരുട്ടില്‍ ഉമ്മയുടെ ശ്വാസ നിശ്വാസങ്ങളറിഞ്ഞു വിരലുണ്ട് ഉറങ്ങിയിരുന്നത് മൂന്നു പേരായിരുന്നു... പുറം ലോകം കാണാന്‍ ഒന്നിച്ചെത്തിയവരില്‍ ഒരാളെ ദൈവം തിരിച്ചു വിളിച്ചപ്പോള്‍ ബാക്കിയായ രണ്ടു പേരില്‍ മൂത്തവന്‍ ഞാന്‍....അശ്കര്‍ സിദ്ധീഖ്

പ്രണയ സാഫല്യത്തിന്‍റെ മധുരം ജീവിതത്തിലുടനീളം നുണഞ്ഞുകൊണ്ടിരിക്കുന്ന ഒരുപ്പയുടെയും ഉമ്മയുടെയും വാത്സല്യവും അടിയുടെ ചൂടും ആവോളമറിഞ്ഞ ബാല്യത്തില്‍ ഇക്കാക്ക എന്ന് വിളിക്കാന്‍ രണ്ടു പേര്‍ കൂടി കൂട്ട് വന്നു..


ഉന്നത വിദ്യാഭ്യാസത്തിന്‍റെ പേരില്‍ നടത്തിയ സ്വയം പ്രഖ്യാപിത നാടുകടത്തലിന്‍റെ കൌമാരകാലം ...

പാണ്ടി നാട്ടിലെ വനവാസം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ വാശിക്ക് പഠിച്ച് ജയിച്ചെടുത്ത കമ്പ്യൂട്ടര്‍ സയൻസ് മാസ്റ്റര്‍ ബിരുദം കൈയ്യില്‍.. .

പിന്നെ ജോലി തേടിയുള്ള പരക്കം പാച്ചിലില്‍ എത്തിപ്പെട്ടത് മെട്രോ നഗരത്തില്‍...
നഗരത്തിന്‍റെ ശീലങ്ങള്‍ പഠിചെടുത്തപ്പോഴേക്കും നാട്ടിലേക്കൊരു വര്‍ക്ക്‌ വിസ... അങ്ങനെ സ്വന്തം നാട്ടില്‍ ഒരു മാധ്യമ സ്ഥാപനത്തില്‍ കമ്പ്യൂട്ടറുമായി അടിപിടികൂടികൊണ്ടിരിക്കുന്നു ഇപ്പോള്‍...

മുഖം മിനുക്കാനും സൌഹൃദങ്ങളെ കൂട്ടിയിണക്കാനും മാത്രമായിരുന്നു മുഖപുസ്തകത്തിലെ ആദ്യകാല എത്തിനോട്ടങ്ങള്‍. അക്ഷരങ്ങള്‍ കൊണ്ട് മായാലോകം തീര്‍ക്കുന്നവരെ കണ്ടപ്പോള്‍,അവരുടെ സൌഹൃദ വലയത്തിലേക്ക് എങ്ങനെയെങ്കിലും എത്തിച്ചേരാനുള്ള ശ്രമങ്ങള്‍എല്ലാം പരാജയപ്പെട്ടപ്പോള്‍ രണ്ടും കല്പിച്ചു മലയാളം ഫോണ്ടും കീ ബോര്‍ഡും കൈയ്യിലെടുത്തു....അറിയാവുന്ന ഭാഷയില്‍ മനസ്സില്‍ വരുന്നതെല്ലാം ഞെക്കിക്കുറിച്ചു..

അങ്ങനെ ഇപ്പോള്‍ മുഖപുസ്തകത്തിലെ വലിയ വലിയ ചുമരെഴുത്തുകാരെയും അവരുടെ സൃഷ്ടികളേയും പിന്തുടരാന്‍ ശ്രമിക്കുന്ന ,എഴുത്തിന്റെ ലോകത്തെ ഒരു ശിശു ...

പിച്ചവെച്ചു തുടങ്ങിയിട്ടേയുള്ളൂ.. . പഠിച്ചെടുക്കാന്‍ ഒരുപാടുണ്ട് വാക്കുകള്‍..... എത്തിച്ചേരാന്‍ സൌഹൃദങ്ങളും.....

11.05.2013

ഉമ്മ തന്ന പണി..

ഇന്നലെ രാവിലെ ചായ കുടിക്കാനിരിക്കുമ്പോഴാണ് ഉമ്മയുടെ അപ്രതീക്ഷിത ഓർഡർ വന്നത്..
പെങ്ങളുടെ കൂടെ നിന്‍റെ കൂടെ കല്യാണം കൂടെ നടത്താൻ പോവുന്നു.. വേഗം പെണ്ണിനെ കണ്ടു പിടിച്ചോ..




മനസ്സില് ലഡ്ഡു പൊട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ.. .. !! ചുരുങ്ങിയത് ഒരു വര്ഷം എങ്കിലും കഴിഞ്ഞേ കല്യാണം ഉണ്ടാവൂ എന്നും കരുതി ഇരിക്കുന്ന എനിക്ക് പരമാവധി തന്ന സമയം ഒന്നോ രണ്ടോ മാസം...
പക്ഷെ പെട്ടന്നങ്ങോട്ടു സമ്മതിക്കാൻ പാടില്ലാലോ.. അത് മോശല്ലേ.. കുറചു നേരം വെയ്റ്റിട്ട് വൈകുന്നേരം സമ്മതിക്കാം എന്ന് കരുതി..

ങേ.. കല്യാണം ഇപ്പഴോ.. ഇങ്ങളെന്താണ് ഈ പറയണേ.. കുറച്ചൂടെ കഴിയട്ടെ.. ഇതന്താ കല്യാണം കുട്ടികളിയാ എന്നോകെ ചോദിച്ചു മസ്സിലു പിടിച്ചു ചായയും കുടിച്ചു എണീറ്റ് പോന്നു ഞാൻ...

ഓഫീസിൽ എത്തിയിട്ടും ഉമ്മ പറഞ്ഞത് അങ്ങ് മറക്കാൻ പറ്റുന്നില്ല.. നല്ലൊരു പെണ്ണിനെ കണ്ടു പിടിക്കണം.. ഫ്രണ്ട്സിന്‍റെ അടുതെല്ലാം പറഞ്ഞു വെച്ചു.. ഒന്ന് രണ്ടു മാട്രിമോണി സൈറ്റിലും രജിസ്റ്റർ ചെയ്തു.. നല്ല ഫോട്ടോ എല്ലാം അപ്‌ലോഡ്‌ ചെയ്തു.. മനസ്സിനു പിടിച്ച ഒന്നുരണ്ട് പ്രൊഫൈലുകൾ ഷോർറ്റ് ലിസ്റ്റ് ചെയ്തു വെച്ചു..

വൈകുന്നേരം വീട്ടിൽ എത്തിയിട്ട് ഉമ്മയുടെ അടുത്ത് വന്നിട്ടു മസ്സിലും പിടിച്ചോണ്ട് മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു..
ഉമ്മക്കു അത്രയും നിര്‍ബന്ധാണ് എങ്കിൽ ഞാൻ കല്യാണം കഴിച്ചോളാം...

പെട്ടന്നാണ് ഉമ്മ പറഞ്ഞത്.. വേണ്ടടാ.. നീ പറഞ്ഞ പോലെ തന്നെ മതി.. ഒരു ഒന്നൊന്നര വർഷം കൂടെ കഴിയട്ടെ.. തിരിക്കു പിടിക്കേണ്ട... ഞെട്ടിപ്പോയി ഞാൻ..

ഒന്നുടെ പറഞ്ഞു നോക്കി... അല്ല നിങ്ങളുടെ ഇഷ്ടല്ലേ.. നടക്കട്ടെ...

ഉമ്മ പറയാണ് .. വേണ്ടടാ.. നിനക്ക് ശരിക്കും താൽപര്യം ഇല്ലാത്തതല്ലേ അതോണ്ട് ഇപ്പൊ വേണ്ടാ...

ഇത് ഒരുമാതിരി ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി അത്താഴം ഇല്ലെന്നു പറഞ്ഞത് പോലെയായി..

11.01.2013

പട്ടികളോടും കുട്ടികളോടും കളിക്കരുത്

പണ്ട് മുതലേ കേൾകുന്ന ഒന്നാണിത്.. പട്ടികളോട് ആദ്യമേ കളിക്കാറില്ല.. എന്നാൽ കുട്ടികളുടെ അടുത്ത് അവസരം കിട്ടുമ്പോൾ എല്ലാം കളിക്കാറുമുണ്ട്..

എന്നാൽ ഇന്ന് മുതൽ ഇനി കുട്ടികളുടെ അടുത്ത് കളിക്കുന്നതും ഞാൻ നിർത്തി.. ഇന്ന് ഒരു കുട്ടി കാരണം ആകെ നാണം കെട്ടു

ബസിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു അമ്മയുടെ മടിയിൽ ഇരിക്കുന്ന ചെറിയ കുഞ്ഞ് ഭയങ്കര കരച്ചിൽ.. ഉദ്ദേശം മൂന്നര നാല് വയസ് കാണും…

അവളുടെ അമ്മ കഴിയുന്ന പോലെ പരിശ്രമിക്കുന്നുണ്ട് അവളുടെ കരച്ചിൽ നിർത്താൻ… പക്ഷെ അവൾ വാശിയിലാണ്… എന്ത് തന്നെ പറഞ്ഞിട്ടും കരച്ചിൽ നിർത്തുന്ന ലക്ഷണം ഇല്ല..

എനിക്ക് വേറെ പണിയൊന്നും ഇല്ലാലോ… അപ്പൊ പിന്നെ ആ കരച്ചിൽ നിർത്തിക്കാൻ എന്നെ കൊണ്ട് കഴിയുന്ന വല്ലതും ചെയ്യാം എന്ന് കരുതി…

ആദ്യം കരയല്ലേ.. ആ ചേട്ടൻ പിടിച്ചോണ്ട് പോവും… മിട്ടായി വാങ്ങിതരാം.. ഡ്രൈവർ വണ്ടിയിൽ നിന്നും ഇറക്കി വിടും… കരഞ്ഞാൽ അടി കിട്ടും.. എന്നൊക്കെ പറഞ്ഞു നോക്കി.. ഇല്ല അവൾ കരച്ചിൽ നിർത്തുന്നില്ല…

ഇനി ആകെ ഒരു മാർഗമേ ഉള്ളു.. പേടിപ്പിക്കുക…

ഞാൻ കണ്ണുരുട്ടി നാവും പുറത്തേക്കിട്ടു കൃര് ക്ര്ർ എന്നും ശബ്ദം ഉണ്ടാക്കി അവളുടെ മുഖത്തിന്റെ അടുത്തേക്ക് അടുപ്പിച്ചു..

അവൾ കരച്ചിലിന്റെ ശബ്ദം കുറച്ചൊന്നു താഴ്ത്തി എന്നെ ഒന്നു നോക്കി…സംഗതി ഫലിക്കുന്നുണ്ടെന്ന് തോന്നി.. അടുത്തിരിക്കുന്ന ആളുകൾ എല്ലാം ആശ്ചര്യത്തോടെ നോക്കി ഇരിക്കുന്നുണ്ട്. എന്നാൽ പിന്നെ അവൾ കരച്ചിൽ പൂർണമായി നിർത്തുന്നത് വരെ പേടിപ്പിക്കാം എന്ന് കരുതി..

പെട്ടന്നാണ് അത് സംഭവിച്ചത്… അവൾ കരച്ചിൽ നിർത്തി ഒപ്പം തന്നെ അവളുടെ വലതു കൈ വീശി എന്റെ കാരണകുറ്റി നോക്കി ഒരടി…

കണ്ണിൽ നിന്നും പൊന്നീച്ച പാറി എന്ന് പറയാറില്ലേ.. കുഞ്ഞികൈ ആണെങ്കിലും ശരിക്കും പാറി..

ഞാൻ ഒറ്റക്കാണെങ്കിൽ സഹിക്കാമായിരുന്നു.. ഇത് ഇപ്പോൾ എല്ലാരും കാണുകയും ചെയ്തു… മാത്രവുമല്ല അവൾ നിർത്തി എന്നു കരുതിയ കരച്ചിൽ ഇല്ലേ.. അതിനെയൊക്കെ തോല്പ്പിക്കുമാർ ഉച്ചത്തിൽ വീണ്ടും കരച്ചിൽ തുടങ്ങി അവൾ…

ആകെ നാണം കെട്ടു .. മറ്റു യാത്രകരുടെ മുന്നിൽ.. അവളുടെ അമ്മയുടെ മുന്നിൽ.. തലയിലൂടെ ഇട്ടു മൂടാൻ ഒരു മുണ്ട് കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപ്പോയി..
പിന്നെ ഒന്നും നോക്കിയില്ല.. മൊബൈലും എടുത്ത് കസ്റ്റമർ കെയറിലോട്ടു ഡയൽ ചെയ്തു ‘ഹല്ലോ.. ഹല്ലോ.. പുതിയ വല്ല ഓഫറും ഉണ്ടോ…’ എന്നും ചോദിച്ചു ഞാൻ ഇവിടെ ഒന്നും അല്ലേ.. എന്നും പറഞ്ഞു ഇരിന്നു…

ഇല്ല.. ഇനി മേലാൽ.. അറിയാത്ത പിള്ളേരുടെ അടുത്ത് ഞാൻ കളിക്കില്ല…ഇത് സത്യം സത്യം സത്യം…

NB : ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച എന്റെതന്നെ പോസ്റ്റ്‌..