3.21.2016

അങ്ങനെ ഞാനും ഒരു ട്രോമാ കെയർ വളണ്ടിയർ ആയി :)


സഞ്ചാരി കോഴിക്കോട് യുണിറ്റും ട്രോമാ കെയർ കാലിക്കറ്റും ഒത്തൊരുമിച്ചു കോഴിക്കോട് പോലീസ് ക്ലബ്ബിൽ
വെച്ച്  ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ട്രോമാ കെയർ പരിശീലന ക്ലാസ്സ്‌ സങ്കടിപ്പിച്ചു. കുറെ നാളത്തെ ആഗ്രഹം ആയിരുന്നു ഒരു വളണ്ടിയർ ആവുക എന്നത് അതു സാധിച്ചു.

മൂന്നു സെക്ഷൻ ആയിട്ടായിരുന്നു ക്ലാസ്സ്‌.

1) ലീഡർഷിപ്‌ ക്വാളിറ്റി ക്ലാസ്സ്‌
2) റോഡ്‌ സേഫ്റ്റി, മോട്ടോര്‍ വാഹന നിയമങ്ങള്‍,
3 ) പ്രാഥമിക ചികിത്സകള്‍, സി.പി. ആര്‍ എന്നീ മെഡിക്കല്‍ വിഷയങ്ങൾ 

എന്നീ വിഷയങ്ങളില്‍ പ്രഗത്ഭരായ മെഡിക്കല്‍ ഡോക്ടര്‍മാരും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്മാരും ക്ലാസുകള്‍ കൈകാര്യം ചെയ്തു.  മെഡിക്കൽ ടീമിനു ഡെമോ ആയിട്ട് ഞാൻ തന്നെ കിടന്നു കൊടുത്തു :P

വൈകുന്നേരം പങ്കെടുത്ത എല്ലാര്കും ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തു. 

ബാക്കി  കാര്യങ്ങൾ ഫോട്ടോകൾ പറഞ്ഞു തരും. :)


അപകടത്തിൽ പെട്ട ആളെ കഴുത്തിനും നട്ടെലിനും ഇളക്കം തട്ടാതെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പഠിപ്പിക്കുന്നു... ഡമ്മി ആയി കിടക്കുന്നത് ഞാൻ തന്നെ :)

CPR ചെയ്യുന്ന വിധം വിശദീകരിക്കുന്നു..

ബൈക്ക് അപകടങ്ങളിൽ പെട്ട ആളിന്റ്റ് തലയിൽ നിന്നും ഹെൽമെറ്റ്‌ എങ്ങനെ നീക്കം ചെയ്യാം എന്നു പഠിപ്പിക്കുന്നു

ട്രെയിനിംഗ് സെക്ക്ഷന് ശേഷം സഞ്ചരി മെംബേർസ്  ഭാരവാഹികൾകൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു..
ട്രെയിനിംഗ് സെക്ക്ഷന് ശേഷം സഞ്ചരി മെംബേർസ്  ഭാരവാഹികൾകൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു..
3.16.2016

ഒരു ഫോട്ടോ പോസ്റ്റ്‌ ....


ഇടക്ക് ഓരോ ഭ്രാന്ത് കയറി വരും ....

ഒരിക്കൽ കുങ്ങ്ഫു ആയിരുന്നു...  വീട് മുതൽ കുങ്ങ്ഫു ക്ലാസ്സ്‌ വരെ 5 കിലോമീറ്റർ ഉണ്ട്... പുലർച്ചെ എണീറ്റ് അത്രേം ഓടും..എന്നിട്ട് ക്ലാസ്സ്‌ ... അത് കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് ബസ്‌ പിടിക്കും.. പിന്നെ ഫുഡ്‌ കഴിച്ചു കുളിച്ചു കോളേജിലേക്ക്..

പണ്ട് കൂട്ടുകാരോട് ഒക്കെ ഒന്നും രണ്ടും പറഞ്ഞു പിന്നീട് അടിയായിരുന്നു.. അടിക്കുമ്പോ ഒരു പവർ ഒക്കെ വേണ്ടേ എന്നും കരുതിയാ കുങ്ങ്ഫു പഠിക്കാൻ പോയത്... എല്ലാ ദിവസവും ക്ലാസിനു പുറമേ  സാറുടെ വക ഉപദേശം ഉണ്ടാവും.. "Not to Hit, But to Fit." പുറത്ത് അടി ഉണ്ടാകി എന്നറിഞ്ഞാ ക്ലാസ്സീന്നു പറഞ്ഞു വിടും..

 അങ്ങനെ കുറച്ചൊക്കെ  പഠിച്ചു കഴിഞ്ഞപ്പോ അടി കൂടാൻ ഉള്ള മൂഡും പോയി.... കുറചു  കാലം പഠിച്ചു... ചില  ബെൽറ്റുകൾ ഒക്കെ എടുത്തു...  കുറചു പേർക് ക്ലാസ്സ്‌ എടുത്തു...  പിന്നെ അതങ്ങ്  നിർത്തി .. 

അത് കഴിഞ്ഞു ടെക്നിക്കൽ ബ്ലോഗ്‌ തുടങ്ങി... ടെക്ക് സംബന്ധമായ പോസ്റ്റുകൾ ഒക്കെ എഴുതി.. ഗൂഗിൾ ആഡ്‌സെൻസ്‌  ഇനേബിൾ ചെയ്തു അതിൽ വരുന്ന കാശും നോക്കിയിരിക്കും..

പിന്നീട് മലയാളത്തിൽ   എന്തേലും ഒക്കെ എഴുതിത്തുടങ്ങി .. കുറെ എഴുതി കുറെ ആളുകളുടെ ശ്രദ്ധ കിട്ടി വന്നപ്പോ അതും  ഫുൾ സ്റ്റോപ്പ്‌ ഇട്ട പോലെ നിർത്തി .... ഇപ്പൊ ഫോട്ടോഗ്രഫി ആണ്....

എപ്പോ നോക്കിയാലും ഫോട്ടോ എടുപ്പ്.... കാണുന്നതിൽ എല്ലാത്തിലും  ഫോട്ടോഗ്രഫിയുടെ സാധ്യത തേടുന്ന പണിയാണ്... എവിടേലും ഫോട്ടോഗ്രഫി ക്യാമ്പ്‌  ഉണ്ടേൽ പങ്കെടുക്കും... നട്ട പാതിരാ വരെ ക്യാമറയും പിടിച്ചു അതിന്റെ പ്രവർത്തനവും നോക്കി ഉറക്കൊഴിക്കും... ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ജോലി സമയത്തിൽ മാറ്റങ്ങൾ വരുത്തും... ഇതൊക്കെയാണ് ഇപ്പോഴത്തെ പരിപാടി..

ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഞാൻ എടുത്ത കുറച്ച് ഫോട്ടോകൾ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു :) :P  അഭിപ്രായങ്ങൾ അറിയിച്ചാൽ ബഹുത് ഇഷ്ടാവും..


 ഒരിക്കൽ ഒരു മഴകാലത്ത് ചെരുപ്പടി മലയിൽ പോകും വഴി മൊബൈൽ ക്യാമറയിൽ പകർത്തിയത്

മൊബൈൽ ക്യാമറയിൽ ഒരു മാക്രോ പരീക്ഷണം

മുഫിയുടെ കൂടെ ആദ്യമായി ബീച്ചിൽ പോയപ്പോ എടുത്ത ഫോട്ടോ... "നിങ്ങൾക്ക് എന്നെ ശ്രദ്ധിക്കാൻ നേരം ഇല്ല , ഏതു നേരം നോക്കിയാലും ഫോട്ടോ എടുക്കാനെ നേരം ഉള്ളു" എന്നു പരിഭവം പറച്ചിൽ ആയിരുന്നു അന്നു മുഴുവൻ..  പക്ഷെ  പിന്നീട്  വിവാഹവാര്‍ഷികത്തിനു അവൾ എനിക്ക് ഈ ഫോട്ടോ ഫ്രെയിം ചെയ്തു തന്നു... അങ്ങനെ എന്റെ ഫോട്ടോ ആദ്യമായി ഫ്രെയിം രൂപത്തിൽ റൂമിലെ ചുമരിൽ തൂങ്ങി :)

നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ നിന്നും എടുത്തത്‌... ഒരിക്കൽ മുഫിയുടെ  കൂടെ പോയപ്പോ പകർത്തിയത് ..

കൊണ്ടോട്ടി ഖുബ്ബ ഒരീസം രാത്രി പോയി എടുത്തത്‌...
ഒരു പുലർകാല ചിത്രം..മീഡിയവൺ ഹെഡ് ഓഫിസ് ... ഒരു മൊബൈൽ ക്ലിക്ക്..

കോഴിക്കോട് ബീച്ചിൽ നിന്നും ഒരു മൊബൈൽ ക്ലിക്ക്...

കാടും മലയും നെൽപാടങ്ങളും  പിന്നിട്ടു ദൂരെ ദൂരേയ്ക്ക്.... കേരളത്തിനും തമിഴ്നാടിനും ഇടയിൽ എവിടെയോ.... ഓടികൊണ്ടിരിക്കുന്ന ഒരു ട്രെയിനിൽ നിന്നും പകർത്തിയത് ...

മലകൾകും കുന്നുകൾകും ഇടയിൽ മനോഹരമായ ഒരു ഫുട്ബോൾ മൈതാനം ..
ഒരു ട്രെയിൻ യാത്രക്കിടെ മൊബൈലിൽ പകർത്തിയത് .. (ഓടികൊണ്ടിരിക്കെ)

മലപ്പുറം വലിയ മഖാം .. ഒരു അസ്തമ സൂര്യന്റെ വെളിച്ചത്തിൽ ..


എന്നും ആ പാലത്തിന്മേൽ കൂടെ പോവുമ്പോൾ ഇങ്ങനെ ഫോട്ടോ എടുത്താൽ നന്നാവും എന്ന് മനസ്സിൽ തോന്നാറുണ്ട്.. ഒരിക്കൽ  അവിടെ ഇറങ്ങി ഏതോ സ്വകാര്യ വെക്തിയുടെ പറമ്പിലൂടെ മുൾവേലി ഒക്കെ ചാടി കടന്നു പോയി എടുത്ത ഫോട്ടോയാണ് :P
ചോദിക്കാൻ വന്നപ്പോ എടുത്ത ഫോട്ടോ കാണിച്ചു കൊടുത്തു.. അതോണ്ടാണ് എന്ന് തോന്നുന്നു ഓടിച്ചു വിട്ടില്ല.. ഭാഗ്യം...
മൊബൈൽ ക്ലിക്ക് ..

മലമുകളിലെ കൊട്ടാരം..കടവ് റിസോർട്ട് .. ഒരു മൊബൈൽ ക്ലിക്ക്

ഇവിടെ ഒരു ഹൌസ് ബോട്ട് കൂടി ഉണ്ടായിരുന്നു... വണ്ടി ഒക്കെ ഒതുക്കി വെച്ച് വന്നു നോക്കുമ്പൊ കാണാനില്ല..  അതിനൊക്കെ ഇത്രേം സ്പീഡോ!! :'(

കോഴിക്കോട് കടൽ തീരത്ത് നിന്നും ഒരു സുവർണ്ണ സന്ധ്യാ ചിത്രം..

കോഴിക്കോട് ബീച്ചിൽ നിന്നും... നട്ടുച്ച മുതൽ നേരം ഇരുട്ടുന്നതു വരെ ഈ വണ്ടി ഉന്തിയും തള്ളിയും നടക്കുന്നുണ്ടായിരുന്നു ഇവർ..

കോഴിക്കോട് ബീച്ച്.. മൊബൈൽ ക്ലിക്ക്...

ഭൂമിയിൽ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കിൽ അത് ഇവിടെയാണ്.. ഇവിടെയാണ്‌.... ഇവിടെ തന്നെയാണ്..!! അല്ലെ. !!

രാത്രിമഴയിൽ ബാക്കി വെച്ചത്.

ഒരു പുലർകാല കാഴ്ച... മൊബൈൽ ക്ലിക്ക്..

ലവ്‌ റിംഗ് .... ഒരു മൊബൈൽ പരീക്ഷണം. 


മക്കൾക് സ്വന്തമായി പേരു കണ്ടു പിടിക്കൂ... Let it be unique and your own selections

പത്തു മാസം കഴിഞ്ഞാൽ ഒരു  കുഞ്ഞ് ജനിക്കാൻ പോവുന്നു എന്നറിഞ്ഞ അന്ന് മുതൽ തുടങ്ങിയ തിരച്ചിൽ ആണ്.. നല്ലൊരു പേരിനു വേണ്ടി... എന്തു കൊണ്ടും അത് യുണീക്  ആവണം എന്ന വാശി തന്നെയായിരുന്നു കാരണം...

പല മാർഗങ്ങൾ സ്വീകരിച്ചു... ഗൂഗിൾ ചെയ്തു നോക്കി... മൊബൈൽ ആപ്പ്സ് ഇൻസ്റ്റോൾ ചെയ്തു... അങ്ങനെ കുറെ സെർച്ച്‌ ചെയ്തു..... എനിക്കിഷ്ടായ ഒരു പേരും മുഫിക്ക് ഇഷ്ടായ ഒരു പേരും കൂട്ടി  ഒരു പേരു സെലക്ട്‌ ചെയ്തു... ... മോൾക് ആ പേർ  ഇടുകയും ചെയ്തു...

കേൾകുന്ന എല്ലാർകും ഇഷ്ടായി... ഇഷ്ടായി എന്നറിയുമ്പോ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും....

ഇനിയാണ് പ്രശ്നം.. ഇപ്പൊ ചിലരിതാ ഇത്രേം കാലത്തെ പരിശ്രമത്തിനൊടുവിൽ ഞങ്ങൾ കണ്ടു പിടിച്ച പേര് ഒരു മടിയും കൂടാതെ അവരുടെ കുഞ്ഞുങ്ങൾക്ക്  കുടുംബക്കാർകും ഇടുന്നു... ഫസ്റ്റ് നെയിമും സെക്കന്റ്‌ നൈമും കൂടെ.... അതും ഒരു അറിയിപ്പോ കൂടാതെ..

പേരല്ലേ.. ഒരാൾക് മാത്രം അവകാശപെട്ടത്‌ അല്ലാലോ എന്നിങ്ങനെ ഉള്ള ന്യായങ്ങൾ ഉണ്ടാവും... എങ്കിലും മക്കൾക് അല്ലെ... കുറച്ചെങ്കിലും ബുദ്ധിമുട്ടികൂടെ ...  ചുമ്മാ കൈ നനയാതെ ഉള്ള മീൻ പിടുത്തം കാണുമ്പോ എന്തോ....

3.04.2016

ഒരുപാടൊരുപാട് വിശേഷങ്ങൾ ഉണ്ട് പങ്കുവയ്ക്കാൻ....

ഏകദേശം രണ്ടു വർഷത്തിലേറെയായി എന്തേലും  എഴുതിയിട്ട്... ...  ഒരുപാടൊരുപാട് വിശേഷങ്ങൾ ഉണ്ട് പങ്കുവയ്ക്കാൻ....

സത്യം പറഞ്ഞാ വീട്ടുകാർ കല്യാണാലോചനകൾ  തുടങ്ങിയ അന്നു നിർത്തിയതാ ഫേസ്ബുക്കിലും മറ്റുമായി തോന്നുന്നതെല്ലാം എഴുതുന്ന എർപാട്. എഴുത്ത് കണ്ടിട്ട് പെൺവീട്ടുകാർ മോളെ കെട്ടിച്ചു തെരൂലാന്നു  പേടിച്ചിട്ട് ഒന്നൊല്ല കേട്ടോ... :P

അങ്ങനെ 2014 ലെ ക്രിസ്മസ് ദിനത്തിൽ ഇനിയുള്ള ദിനങ്ങളിൽ 'നിങ്ങൾ ഒറ്റക്ക് അങ്ങനെ സുഖിക്കണ്ട' എന്നും പ്രഖ്യാപിച്ചു കൊണ്ട് ജീവിത യാത്രയിൽ  മുഫി  കൂടെ കൂടിയതാണ്‌  വിശേഷങ്ങളിൽ പുതുമയുള്ളതും എപ്പോഴും  എപ്പോഴും ഓർക്കാൻ ഇഷ്ടമുള്ളതും. 

അന്നു തന്നെയാണ്  പെങ്ങൾ അളിയന്റെ കൂടെ കൂടിയതും...

വീട്ടിൽ   കല്യാണം പൊടിപൊടിക്കുമ്പോ അതിൽ കൂടാൻ പറ്റാതെ അങ്ങകലേ മണലാരണ്യത്തില്‍  പെട്ട് പോയ അനിയന്റെയും, മുഫിയുടെ ഉപ്പയുടെയും    അസാനിദ്ധ്യം  കുറച്ചൊന്നുമല്ല നിഴലിച്ചു കണ്ടത്. ...

കല്യാണം കൂടാൻ ഒരുപാട് പേർ വന്നു.. കോയമ്പത്തൂരിലെ കൂട്ടുകാർ വണ്ടീം വിളിച്ചു വന്നതും, ഒരുപാട് നാളുകൾക്ക് ശേഷം ഡിഗ്രി സഹപാഠികൾ ഒരുമിച്ചു കൂടിയതും പറഞ്ഞറിയിക്കാൻ പറ്റാത്ത  ആവേശമുണ്ടാക്കി..


 നാട്ടുനടപ്പ് അനുസരിച്ച് കല്യാണം കഴിഞ്ഞ പിന്നെ കുട്ടികൾ വേണം.. ഇപ്പൊ വേണ്ടാ എന്നോ, കുറച്ചൂടെ കഴിയട്ടെ എന്നോ വെച്ചാൽ തന്നെ  ഒരു പണീം ഇല്ലാത്തവരുടെ ചോദ്യങ്ങൾ ഒരുപാട് ഉണ്ടാവും.. ആയോ... ആയീലെ... നോക്കുന്നില്ലേ... അങ്ങനെ അങ്ങനെ...

ഏതായാലും ചോദ്യങ്ങൾ ഒത്തിരി കേൾകേണ്ടി വന്നില്ല... മെയ്‌ മാസം ആയപ്പോ താമസിയാതെ  വീട്ടിലേക്ക് ഒരു കുഞ്ഞു അഥിതി കൂടി വരാൻ പോകുന്നു എന്ന സന്തോഷ വാർത്ത എത്തി...

പത്തു മാസത്തിനു  പത്തു ആണ്ടിന്റെ ദൈർഖ്യം ഉള്ളത് പോലെ തോന്നി... ഏതായാലും സമയം  വെറുതെ കളഞ്ഞില്ല... രണ്ടു പേര് കണ്ടു വെക്കാൻ തീരുമാനിച്ചു... മോൻ  ആണേൽ ഒന്നും മോൾ ആണേൽ ഒന്നും....

പേരിനെ കുറിച്ച്  മനസ്സിൽ കുറെ കണക്കു കൂട്ടലുകൾ ഉണ്ടായിരുന്നു... ചെറിയ പേര് മതി,  പേരു കേട്ടാൽ അപൂർവത ഫീൽ ചെയ്യണം,  കൂടാതെ സെകുലർ നെയിം ആവണം എന്നതും എന്റെ ഉള്ളിലെ ഒരു മോഹമായിരുന്നു... ഭാഗ്യത്തിനു എന്റെ ഇഷ്ടങ്ങളും  മുഫിയുടെ ഇഷ്ടങ്ങളും ഏകദേശം ഒത്തു വന്നു..  അങ്ങനെ രണ്ടു പേരുകൾ കണ്ടു വെച്ചു....

കാത്തിരിപ്പിനൊടുവിൽ ഈ ഫെബ്രുവരി 16 നു   രാവിലെ ആ  കുഞ്ഞു മാലാഖ ഞങ്ങളോടൊപ്പം കൂടി... ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി കഴിഞ്ഞു... അവിടെന്നു തന്നെ  ഞങ്ങൾ  അവൾക് മുമ്പ് കണ്ടു വെച്ച ' Eva Kenz ( ഇവ കെൻസ് ) ' എന്ന് പേരിടുകയും ചെയ്തു .

ഇനിയങ്ങോട്ടുള്ള  ഞങ്ങളുടെ യാത്രകളിൽ അവളായിരിക്കും ഞങ്ങളുടെ  നായിക.. അവൾക് വേണ്ടിയാവും ഞങ്ങളുടെ ഓരോ നിമിഷങ്ങളും.... <3  <3കൂടുതൽ വിശേഷങ്ങൾ പിന്നീട് എഴുതാം.... :)

3.22.2014

വിമാനത്തിന്‍റെ കൂടെ കാണാതായ അച്ഛന്‍ അറിയുന്നതിന് പൊന്നുമോള്‍ എഴുതുന്നത്‌

കാണാതായ വിമാനത്തെ കുറിച്ച് വല്ല വിവരവും കിട്ടുമോ എന്നറിയാന്‍ വേണ്ടി ട്വിറ്ററില്‍ പരതിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു പെണ്‍കുട്ടിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ എത്തിപ്പെട്ടത് .

കാണാതായ വിമാനത്തിലെ ജീവനക്കാരനാണ് അവളുടെ അച്ഛന്‍.വിമാനത്തിന്‍റെ കൂടെ തന്നെ കാണാതായ അച്ഛനോട് അവള്‍ക്കു പറയാനുള്ളത് മുഴുവന്‍ ട്വീറ്റ് വഴി പോസ്റ്റ്‌ ചെയ്യുകയാണ് അവള്‍.

വിമാനം കാണാതായ അന്ന് " അച്ഛന്‍ എന്തിനാ ഇന്നലെ ജോലിക്ക് പോയത്?...ലീവ് എടുക്കാമായിരുന്നില്ലേ അച്ഛാ " എന്ന് വളരെ നിഷ്ക്കളങ്കമായി കുറിച്ച്‌ വെച്ചു അവള്‍..ശേഷം ഒരു ദിവസം കഴിഞ്ഞും അച്ഛനെ കാനാതിരുന്നപ്പോ " അച്ഛനിത് എവിടെയാ ..വേഗം വാ ...കാത്തിരുന്നു തളര്‍ന്നു ഞാന്‍ " എന്ന് ട്വീറ്റ് ചെയ്തു.

രാത്രി കിടക്കാന്‍ നേരം " അച്ഛന്‍ മറക്കാണ്ടെ അത്താഴം കഴിക്കണേ.. ...അല്ലേല്‍ വിശക്കും " എന്ന് ഓര്‍മിപ്പിക്കുന്നു അവള്‍.

പത്രങ്ങളിലെ വാര്‍ത്തകള്‍ മുഴുവന്‍ കാണാതായ വിമാനത്തെ കുറിച്ചാണ് എന്ന് കണ്ട അവള്‍ അച്ഛനോട് പറയുന്നു " പത്രങ്ങളിലും ടീവിയിലും മുഴുവന്‍ ഇപ്പൊ നിങ്ങളെക്കുറിച്ചാണ് ...വേഗം വീട്ടില്‍ വരൂ ..നമുക്ക് ഒരുമിച്ചു കാണാം... അച്ഛന്‍ ഒറപ്പായിട്ടും എക്സൈറ്റഡ് ആവും "
അച്ഛന്റെ ഇഷ്ട ടീമായ ലിവര്‍ പൂളിന്റെ കളി നടക്കുമ്പോ ,

" വേഗം വരൂ ..ഇവര്‍ ഇപ്പൊ ജയിക്കും ..അച്ഛന്‍ ആദ്യമായിട്ടല്ലേ കളി മിസ്സ്‌ ചെയ്യുന്നത്"

പിന്നീട് അവര്‍ ജയിച്ചപ്പോ

" അച്ഛന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചേനേ...എനിക്ക് ഊഹിക്കാന്‍ പറ്റും അച്ഛന്‍ എത്രമാത്രം സന്തോഷിക്കും എന്നത്"

ഇങ്ങനെ ഓരോ വിശേഷവും അച്ഛനെ അറിയിച്ചുകൊണ്ട് അവള്‍ ട്വീറ്റ് ചെയ്തുകൊണ്ടേയിരിക്കുന്നു....

തമാശയ്ക്ക് വേണ്ടി നുണപ്രചാരണങ്ങള്‍ നടത്തുന്നത് കാണുമ്പോള്‍ സഹിക്കാന്‍ കഴിയാവുന്നതിലും അപ്പുറം സങ്കടം ഉണ്ടവള്‍ക്ക്.അവര്‍ മനുഷ്യരേ അല്ല എന്നാണു അവളുടെ അഭിപ്രായം...

മറ്റുള്ളവരെല്ലാം പ്രതീക്ഷ കൈ വിടുമ്പോഴും തനിക്ക് ഇപ്പോഴും അച്ഛന്‍ തിരിച്ചു വരും എന്നതില്‍ ഒരു സംശയവും ഇല്ല എന്നുറപ്പിച്ച് പറയുന്നു അവള്‍....

കുറച്ചു ലൈക് കിട്ടാന്‍ വേണ്ടിയോ, അല്ലെങ്കില്‍ തമാശയ്ക്ക് വേണ്ടിയോ കാണാതായ വിമാനത്തെ കുറിച്ചു നുണപ്രചാരണം നടത്തുന്നവര്‍ അച്ഛനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മോളുടെ ട്വിറ്റെര്‍ അക്കൌണ്ടില്‍ ഒന്ന് പോയി നോക്കുക...

നമുക്ക് വേണ്ടപെട്ടവര്‍ എവിടെ എന്നറിയാതെ വിഷമിക്കുന്നത് നേരില്‍ കാണുമ്പോ മനസ്സിലാകും അതിന്‍റെ തീവ്രത...

ലിങ്ക് ഇതാ ഇവിടെ

http://tinyurl.com/k9hpuj4

11.27.2013

ഫേസ്ബുക്ക്‌ എന്നേം കൊണ്ടേ പോവൂ എന്നാ തോന്നുന്നേ..


മിക്ക കമ്പനികളും ഇപ്പൊ ഉദ്യോഗാര്ത്ഥികളെ ജോലിക്കെടുക്കുമ്പോൾ അവരുടെ പഠനത്തിനു പുറമേ ഫേസ്ബുക്കും പരിശോധിക്കാറുണ്ട്.. പ്രത്യേകിച്ച് IT കമ്പനികൾ..

ഫേസ്ബുക്ക്‌ ഇല്ലാ എന്ന് പറഞ്ഞാൽ അയ്യേ ഇവനെ ഒന്നിനും കൊള്ളില്ല... കാലത്തിനൊത്ത് നീങ്ങാത്തവൻ ആണ് ഇവൻ എന്നും പറഞ്ഞു HR മാനേജർ പണി തരും ....ഇനി ഉണ്ട് എന്നും പറഞ്ഞു കാണിച്ചു കൊടുത്താലോ നമ്മെ പോലെ കണ്ണിൽ കണ്ടത് മൊത്തം എഴുതികൂട്ടുന്ന വല്ല പാവവും ആണെങ്കിൽ പറയുകയും വേണ്ട... ഇവൻ 24 മണിക്കൂറും ഫേസ്ബുക്കിൽ ആണെല്ലോ എന്നും പറഞ്ഞു ഓടിച്ചു വിടും...

അതുകൊണ്ട് വരുന്നിടത്ത് വച്ച് കാണാം എന്നും പറഞ്ഞാണ് ഞാൻ കുറച്ചു കാലമായി എഴുതാറു..

പക്ഷെ ഇപ്പൊ പ്രതീക്ഷികാതെ മറ്റൊരു എട്ടിന്‍റെ പണിയാണ് എനിക്ക് കിട്ടികൊണ്ടിരിക്കുന്നത്...

"ജീവിതത്തിൽ സന്തോഷം മാത്രം മതിയോ" എന്ന കുടുംബക്കാരുടെയും കൂട്ടുകാരുടെയും നിരന്തരമുള്ള ചോദ്യം കേട്ട് മടുത്തത് കൊണ്ട് ഇനിയുള്ള ജീവിതകാലം മൊത്തം എന്നോട് അടികൂടി കുറച്ച് സങ്കടം കൂടെ തരാൻ പറ്റിയ ഒരുത്തിയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ആണ് ഞാനിപ്പോൾ...

ആരോ പറഞ്ഞു കേട്ട് രണ്ടു ദിവസം മുമ്പ് ഒരു പെണ്കുട്ടിയുടെ ഉപ്പ വിളിച്ചിരുന്നു എന്നെ.. പ്രവാസിയാണ് അദ്ദേഹം... ആശ്കർ അല്ലെ?? എന്ത് ചെയ്യുന്നു ?? വീട്ടിൽ ആരൊക്കെയുണ്ട് എന്നെല്ലാം ചോദിച്ചു അതിനെല്ലാം നല്ല മറുപടിയും കൊടുത്ത് അദ്ധേഹത്തെ കയ്യിൽ എടുത്തുകൊണ്ടിരിക്കെയാണ് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ചോദ്യം വന്നത്..

“മോന്‍റെ ഫേസ്ബുക്ക്‌ ലിങ്ക് ഒന്ന് തരാമോ” എന്ന്.. !!!

എന്ത് ചെയ്യാനാ.. ലിങ്ക് കൊടുത്താൽ പണികിട്ടും എന്നുറപ്പാണ്.. അമ്മാതിരി ചളിയല്ലേ എഴുതികൂട്ടുന്നത്.. പറഞ്ഞു കൊടുക്കാതിരിക്കാനും പറ്റില്ല... രണ്ടും കൽപിച്ചു പറഞ്ഞു കൊടുത്തു.. എന്നാ ശരി മോനെ ഞാൻ വിളിക്കാം എന്നും പറഞ്ഞു അദ്ദേഹം ഫോണ്‍ കട്ട്‌ ചെയ്തു..

പ്രതീക്ഷിച്ചപോലെ തന്നെ സംഭവിച്ചു എന്നാ തോന്നുന്നേ.. പിന്നെ വിളിക്കാം എന്നും പറഞ്ഞു ഫോണ്‍ വച്ചതാ.. ഒരു അഡ്രസ്സും ഇല്ല ഇപ്പൊ...

ഈ പെണ്‍കുട്ട്യോളുടെ ഉപ്പമാർ എല്ലാരും കൂടെ ഫേസ്ബുക്ക്‌ പഠിക്കാൻ തുടങ്ങിയാൽ ഫേസ്ബുക്കിലേ ബാച്ചിലേര്‍സിന്‍റെ കാര്യം കഷ്ടത്തിലാകുമല്ലോ..

ഇങ്ങനെ പോയാൽ ഞാൻ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യും.. പറഞ്ഞേക്കാം... ഫേസ്ബുക്കിൽ പിന്നേം അക്കൗണ്ട്‌ തുടങ്ങി എഴുതി ഫ്രണ്ട്സിനെ കൂട്ടാം.. ഈ പ്രായത്തിൽ കല്യാണം നടന്നില്ലെങ്കിൽ പിന്നെ മാർകറ്റ്‌ ഉണ്ടാവൂലാ എന്നാ കുടുംബക്കാരും നാട്ടാരും പറയണത്..

11.16.2013

മണ്ഡലകാലം ഓർമ്മകൾ


എല്ലാ മണ്ഡലകാലം വരുമ്പോഴും എനിക്ക് ഓർമ്മവരാറു ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്‍റെ അയൽവാസിയായ തങ്കപ്പൻ ചേട്ടൻ കറുത്ത മുണ്ടും മാലയും ധരിച്ചു ശരണം വിളികളുമായി മലയിൽ പോയതും തിരിച്ചു വന്നപ്പോൾ കൊണ്ട് വന്ന പൊരിയും അരവണ പായസവും ആണ്...

അന്ന് കുറെ ആളുകൾ വന്നു 'സ്വാമിയേ അയ്യപ്പോ... അയ്യപ്പോ സ്വാമിയേ ' എന്നുറക്കെ വിളിച്ചുകൊണ്ട് തങ്കപ്പൻ ചേട്ടനെ കൊണ്ട് പോവുമ്പോ ഞാൻ മനസ്സിലാക്കിയ രണ്ടു മണ്ടത്തരങ്ങൾ ഉണ്ടായിരുന്നു...

ഒന്ന് : തങ്കപ്പൻ ചേട്ടന്‍റെ ശരിക്കുള്ള പേര് അയ്യപ്പൻ എന്നാകുന്നു...

രണ്ട് : ശബരിമലക്ക് പോവുന്ന ആളുടെ പേര് ആണ് അവർ ഉറക്കെ വിളിക്കുന്നത്‌.. അടുത്ത പ്രാവശ്യം തങ്കപ്പൻ ചേട്ടന്‍റെ അനിയൻ വേലായുധൻ ചേട്ടൻ മലക്ക് പോവുമ്പോ അവർ
''സ്വാമിയേ വേലായുധോ'' എന്ന് വിളിക്കുമായിരിക്കും....

അത് രണ്ടും തെറ്റാണു എന്ന് മനസ്സിലാക്കാൻ അടുത്ത പ്രാവശ്യം വേലായുധൻ ചേട്ടൻ മലക്ക് പോവുന്നത് വരെ കാത്തിരിക്കേണ്ടി വന്നു എനിക്ക്..

ഇന്ന് വൃശ്ചികം ഒന്ന്... മല കയറാൻ ഉദ്ദേശിച്ചു വ്രതമെടുത്ത് തുടങ്ങിയ എല്ലാ കൂട്ടുകാർകും ആശംസകൾ...