10.29.2013

കൈപേറിയ അനുഭവങ്ങൾ

രണ്ടു പോലീസുകാരോട് അറിയാവുന്ന മലയാളത്തിൽ എന്തൊക്കെയോ പറയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അയാളെ കണ്ടപ്പോൾ എനിക്ക് എന്താണെന്നു അറിയാൻ ഒരു ആഗ്രഹം..

പ്രായം ഏകദേശം 55 കഴിഞ്ഞ അയാളുടെ പേര് വിശ്വനാഥൻ... സ്ഥലം ചെന്നൈ ആണ്.. ഒരു ബിസിനസ്‌ ആവശ്യാർത്ഥം കോഴിക്കോട് വന്നതാണ്‌ ....



ബസ്‌ ഇറങ്ങിയ നേരത്തെ ഒരു നിമിഷത്തെ അശ്രദ്ധ കാരണം അയാളുടെചില പ്രധാന രേഖകളും വസ്ത്രങ്ങളും അടങ്ങിയ ബാഗ്‌ ആരോ മോഷ്ടിച്ചത്രേ..

പോലീസുകാരുടെ അടുത്ത് സഹായത്തിനു വേണ്ടി കേണപേക്ഷിക്കുമ്പോൾ കണ്ണിൽ നിന്നു കണ്ണീരും കഷണ്ടി തലയിൽ നിന്നു വിയർപ്പും അനിയന്ത്രിതമായി ഒഴുക്കുന്നതു എനിക്ക് വ്യക്തമായി കാണാം...

പക്ഷെ പോലീസുകാരുടെ പ്രതികരണം ഞാൻ വിചാരിച്ച പോലെ തന്നെ ആയിരുന്നു.. സ്വയം ബാഗ്‌ സൂക്ഷിക്കാത്തതിനു അയാളെ കുറെ തെറി പറഞ്ഞു.. ശേഷം ബാഗ്‌ കണ്ടു കിട്ടിയാൽ അറിയിക്കാം കേസ് എടുക്കാൻ കഴിയില്ല എന്നും പറഞ്ഞു അവരെ മടക്കി...

എനിക്കറിയാവുന്ന തമിൾ വെച്ച് ഞാൻ അവരെ ആശ്വസിപ്പിച്ചു തിരിച്ചയച്ചു..

മൂന്ന് മാസം മുമ്പേ ഇതേ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്.. അയാൾ അനുഭവിച്ച വേദന അല്ലെങ്കിൽ അതിന്‍റെ എത്രയോ മടങ്ങ്‌ ഞാൻ അനുഭവിച്ചതാണ്‌ അന്ന്...

കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്ര മദ്ധ്യേ സീറ്റിനു താഴെ വെച്ചിരുന്ന എന്‍റെ ബാഗ്‌ എടുക്കാൻ നോക്കിയപ്പോഴാണ് അത് മിസ്സ്‌ ആയ സത്യം ഞാൻ അറിഞ്ഞത്...

കണ്ണിൽ ഇരുട്ട് കയറി... ആറ്റുനോറ്റ് വാങ്ങിയ വിലപിടിപ്പുള്ള ക്യാമറയും എന്‍റെ പ്രിയപ്പെട്ട ലാപ്ടോപ്പും പിന്നെ എല്ലാ വസ്ത്രങ്ങളും ആ ബാഗിൽ ആണ്..

സമയം നോക്കിയപ്പോൾ 2 30 AM... ബസ്‌ ജീവനക്കാരോട് പറഞ്ഞപ്പോൾ അവർ പോലീസിൽ കേസ് കൊടുക്കാൻ പറഞ്ഞു.....അവർ തന്ന ഒരു 100 രൂപയും വാങ്ങി ഞാൻ അവിടെ ഇറങ്ങി... ഇടപള്ളിയാണ് സ്ഥലം...

വല്ലാത്തൊരു അവസ്ഥയായിരുന്നു... കൈയ്യിൽ മൊബൈൽ മാത്രം... രാത്രി ശരിക്ക് ഉറങ്ങാൻ വേണ്ടി പേഴ്സ് എടുത്ത് ബാഗിൽ വെച്ചിരുന്നു.. അതും പോയി..

പിന്നീട് അങ്ങോട്ട്‌ എറണാകുളത്തുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും കയറി ഇറങ്ങി... ഇടപ്പള്ളി,നോർത്ത്‌,പാലാരിവട്ടം, കളമശ്ശേരി തുടങ്ങി അഞ്ചു പോലീസ് സ്റ്റേഷനുകളിൽ..എല്ലാവരും പറഞ്ഞത് ഒന്ന് മാത്രം..

അവരുടെ സ്റ്റേഷൻ പരിധിയിൽ നിന്നാണ് ബാഗ്‌ പോയത് എന്നതിന് എവിടെ തളിവ്.!! ബസിൽ ഉറങ്ങുമ്പോൾ ബാഗ്‌ മടിയിൽ വെച്ച് ഉറങ്ങരുതായിരുന്നോ ??? അവസാനം കളമശ്ശേരി പോലീസ് പേരിനു കേസ് രജിസ്റ്റർ ചെയ്തു...

പിന്നെ നേരം വെളുക്കുന്നത്‌ വരെ ഒറ്റയ്ക്ക് ടൌണിൽ ചുമ്മാ അന്തം വിട്ടു നിന്ന്‌.. നല്ല മഴയും ഇടിയും.... എന്നാലും വിയർത്തൊലിചു കൊണ്ടിരുന്നു... കുറച്ചു നേരം കരഞ്ഞു...

അത് ഒരു വല്ലാത്ത ഒരവസ്ഥയാണ്..

നേരം വെളുത്തതിന് ശേഷം ഉമ്മയെ വിളിച്ചു.. നിനക്കെന്തെങ്കിലും പറ്റിയോ..? ഇല്ലാലൊ..? എങ്കിൽ പോയത് പോകട്ടെ... എന്ന ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ മാത്രമാണ് ഞാൻ ആ അവസ്ഥയുമായി പൊരുത്തപ്പെട്ടതു...

ക്ഷണ നേരം കൊണ്ട് അന്യന്‍റെ ജീവനും പെണ്ണിന്‍റെ മാനവും അപഹരിക്കുന്ന ഇക്കാലത്ത് എനിക്കും അയാൾക്കും സംഭവിച്ചതെല്ലാം വളരെ നിസാരമെങ്കിലും മനസ്സിനൊരു വേദനയാണ് ഇത് പോലുള്ളവ കാണുമ്പോഴും അനുഭവിക്കുമ്പോഴും .......

ഒരു കാര്യം..... നമ്മുടെ വിലപിടിപ്പുള്ള വസ്തുകൾ എവിടെ പോകുമ്പോഴും നമ്മൾ തന്നെ സൂക്ഷിക്കുക.. കളഞ്ഞു പോയാൽ ഒരുപക്ഷെ ആരും തന്നെ ഉണ്ടാകണമെന്നില്ല ഒരു കൈ സഹായിക്കാൻ....

0 comments: